ടാക്‌സ് പ്ലാനിംഗ് നിയമവിരുദ്ധമല്ല

BIS-TAXനികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)

ആദായനികുതിനിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള വിവിധ ആനുകൂല്യങ്ങള്‍ എടുത്ത് നികുതിബാധ്യത കുറയ്ക്കുന്നത് നിയമാനുസൃതമാണ്. ഇതിനെ നികുതിവെട്ടിപ്പായി കണക്കാക്കാന്‍ സാധിക്കില്ല. അടയ്ക്കുവാനുള്ള നികുതി അടയ്ക്കാതിരിക്കുന്നത് ശിക്ഷാനടപടികള്‍ വിളിച്ചുവരുത്തും. എന്നാല്‍, വരുമാനത്തിനനുസരിച്ചു നിക്ഷേപങ്ങള്‍ ക്രമീകരിച്ച് നിയമാനുസൃതമുള്ള ആനുകൂല്യങ്ങള്‍ എടുത്ത്, നികുതിത്തുക കുറയ്ക്കുന്നതിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.

എല്ലാ വര്‍ഷവും ആദായനികുതിനിയമം 80 സി അനുസരിച്ച് ഒന്നരലക്ഷം രൂപ വരെ വിവിധങ്ങളായ നിക്ഷേപപദ്ധതികളില്‍ നിക്ഷേപിക്കാവുന്നതാണ്. ഇന്‍ഷ്വറന്‍സ്, പ്രത്യേക ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കേറ്റുകള്‍, മ്യൂച്ചല്‍ഫണ്ട് യൂണിറ്റുകള്‍ മുതലായവ ഇതിലുള്‍പ്പെടുന്നു. ഇതുവഴി നിക്ഷേപങ്ങളുടെ പലിശ ലഭിക്കുന്നതിനോടൊപ്പം നികുതിവിധേയമായ വരുമാനത്തില്‍നിന്നും നിക്ഷേപങ്ങള്‍ക്ക് ഒന്നര ലക്ഷം വരെ പൂര്‍ണമായ കിഴിവും ലഭിക്കുന്നതാണ്. അതുപോലെ സീറോ കൂപ്പണ്‍ ബോണ്ടുകള്‍, നാഷണല്‍ പെന്‍ഷന്‍ സ്കീം എന്നിവയിലും നിക്ഷേപങ്ങള്‍ നടത്താവുന്നതാണ്. പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്ക് വരുമാനത്തില്‍നിന്ന് 50,000 രൂപയുടെ അധിക കിഴിവ് ലഭിക്കുകയും ചെയ്യും.

ചില ഉദ്യോഗസ്ഥര്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആദായമായി കണക്കാക്കി ആദായനികുതി അടയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അല്പംകൂടി പ്ലാന്‍ചെയ്താല്‍ അവര്‍ക്ക് ശമ്പളത്തെ വിവിധങ്ങളായ ആനുകൂല്യങ്ങളാക്കിവിഭജിച്ച് നികുതിയില്‍നിന്നും ഒരു നല്ല ശതമാനം തുക കുറവു ചെയ്യാവുന്നതാണ്. ഈ രീതിയില്‍ നികുതിയില്‍നിന്നും കുറവു നേടുന്നത് ഒരിക്കലും നികുതിതട്ടിപ്പല്ല. മറിച്ച് നിയമം അനുസരിക്കുന്ന ഇളവുകള്‍ നേടിയെടുക്കുക മാത്രമാണ്.

വീടുപണിയുമ്പോഴും റിപ്പയര്‍ ചെയ്യുമ്പോഴും അംഗീകൃത ധനകാര്യസ്ഥാപനങ്ങളില്‍നിന്നു കടം എടുക്കുകയാണെങ്കില്‍ രണ്ട് ലക്ഷം രൂപവരെയുള്ള പലിശ നികുതിക്ക് മുമ്പുള്ള വരുമാനത്തില്‍ നിന്നും കുറവ് ചെയ്യുവാന്‍ സാധിക്കും.

പാര്‍ട്ണര്‍ഷിപ്പുകളില്‍

അതുപോലെതന്നെയാണ് പുതിയ വ്യവസായങ്ങള്‍ പിന്നോക്ക ജില്ലകളിലും പ്രത്യേക സാമ്പത്തിക സോണുകളിലും തുടങ്ങി നികുതി ആനുകൂല്യം നേടി എടുക്കുന്നത്. ആദായനികുതി നിയമത്തില്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ വ്യവസായങ്ങള്‍ തുടങ്ങുകയാണെങ്കില്‍ നികുതിയില്‍നിന്നും നിശ്ചിത കാലത്തേക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദു അവിഭക്തകുടുംബങ്ങള്‍ അവരുടെ സ്വത്തുക്കള്‍ വ്യക്തികളുടെ പേരിലേക്കു മാറ്റുകയാണെങ്കില്‍ നികുതിയില്‍ വളരെ അധികം കുറവു ലഭിക്കും. പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളില്‍ പങ്കുകാര്‍ക്ക് ശമ്പളം കൃത്യമായി ഉറപ്പിക്കുന്നതിനു പകരം വരുമാനത്തെ അടിസ്ഥാനപ്പെടുത്തി കൃത്യ ശതമാനങ്ങളായി പാര്‍ട്ണര്‍ഷിപ്പ് ഉടമ്പടികളില്‍ കാണിച്ചാല്‍ ലാഭനഷ്ടങ്ങളിലുള്ള ഏറ്റക്കുറച്ചിലുകളനുസരിച്ച് നികുതിയിലും വ്യത്യാസങ്ങള്‍ ഉണ്ടാവും. അതുപോലെതന്നെ മുതല്‍മുടക്കിന്റെ പലിശയും ക്ലിപ്തപ്പെടുത്താതെ ലാഭനഷ്ടങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ച് വ്യത്യാസം ഉണ്ടാവുമെന്ന് പങ്കുവ്യാപാര ഉടമ്പടിയില്‍ സൂചിപ്പിക്കുകയും ക്ലിപ്തനിരക്ക് ഓരോ വര്‍ഷവും പങ്കുകാര്‍ കൂടിയാലോചിച്ച് തീരുമാനിക്കുന്നതാണ് എന്ന് സൂചിപ്പിക്കുന്നതും നികുതിഘടനയില്‍ വ്യത്യാസം വരുത്തും.

വാഹനങ്ങള്‍

വ്യവസായ സ്ഥാപനങ്ങള്‍ മോട്ടോര്‍ വാഹനങ്ങളും മെഷീനറികളും വാങ്ങുന്നുണെ്ടങ്കില്‍ തനതു വര്‍ഷം സെപ്റ്റംബര്‍ 30ന് മുമ്പ് വാങ്ങിയാല്‍ ഒരു വര്‍ഷത്തേക്കുള്ള മുഴുവന്‍ തേയ്മാനച്ചെലവും ലഭിക്കുന്നതാണ് എന്നു മനസിലാക്കി വാങ്ങലുകള്‍ പ്ലാന്‍ ചെയ്യുക. ഉയര്‍ന്ന തേയ്മാനച്ചെലവ് അനുവദിച്ചുകിട്ടുന്ന കംപ്യൂട്ടറുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും ഒരേ നിരക്ക് ലഭ്യമാവും എന്നു മനസിലാക്കി ഉയര്‍ന്നനിരക്ക് അവകാശപ്പെടുവാന്‍ ശ്രദ്ധിക്കുക. കൂടാതെ, സ്വന്തമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ വ്യവസായ സ്ഥാപനത്തിന്റെ പേരില്‍ വാങ്ങിയാല്‍ തേയ്മാനച്ചെലവും റിപ്പയര്‍ച്ചെലവുകളും വാഹനത്തിന്റെ ഓട്ടച്ചെലവുകളും സ്ഥാപനത്തിന്റെ ചെലവുകളില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. (ആദായനികുതി ഉദ്യോഗസ്ഥന്‍ ഒരു നിശ്ചിത ശതമാനം തുക അസസ്‌മെന്റ് സമയത്ത് ചെലവായി അനുവദിക്കാതിരിക്കുവാന്‍ സാധ്യതയുണ്ട്). ഇതൊക്കെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മാത്രം സാധിക്കുന്ന പ്ലാനിംഗുകളാണ്.

സമ്മാനങ്ങള്‍

അതുപോലെതന്നെ ബന്ധുക്കളുടെ കൈയില്‍നിന്നു ലഭിക്കുന്ന ഗിഫ്റ്റുകള്‍ക്ക് (50000 രൂപയ്ക്കു മുകളിലുള്ളവയും) ലഭിക്കുന്ന വ്യക്തിയും കൊടുക്കുന്ന വ്യക്തിയും നികുതി നല്‍കേണ്ടതില്ല. അങ്ങനെ വരുമ്പോള്‍ മുതിര്‍ന്ന മക്കളുടെ പേരിലും മാതാപിതാക്കളുടെ പേരിലും ഇഷ്ടമുള്ള തുകകള്‍ ഗിഫ്റ്റായി നല്കാവുന്നതാണ്. തുടര്‍ന്ന് ലഭിക്കുന്ന വരുമാനങ്ങളും അവരുടെ പേരില്‍ തന്നെ നിക്ഷേപിക്കാവുന്നതാണ്. കൂടാതെ വിവാഹസമയത്ത് ലഭിക്കുന്ന ഗിഫ്റ്റുകള്‍ക്ക് നികുതിയില്ല എന്നും അത് സ്ത്രീധനത്തിന്റെ ഗണത്തില്‍പ്പെടുത്തുകയില്ല എന്നും മനസിലാക്കുക.

ചുരുക്കിപ്പറഞ്ഞാല്‍, ടാക്‌സ് പ്ലാനിംഗ് എന്നത് നിയമാനുസൃതവും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതുമാണ്. നികുതിവെട്ടിപ്പു മാത്രമേ നിയമവിരുദ്ധമാകുന്നുള്ളൂ.

Related posts