കണ്ണൂർ: ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർക്ക് തെറ്റുതിരുത്തിയാൽ പാർട്ടിയിലേക്കു തിരിച്ചു വരാമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജന്റെ അഭിപ്രായത്തെ പാടേ തള്ളി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു എം.വി. ജയരാജൻ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.
തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കി പാർട്ടി സ്ഥാനാർഥികളെ തോൽപ്പിച്ച് എംഎൽഎമാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും അടഞ്ഞ അധ്യായമാണെന്ന് ജില്ലാ കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. നിർണായക ഘട്ടത്തിൽ പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയവർക്കെതിരേ ഒരു തരത്തിലുമുള്ള ഒത്തുതീർപ്പുകൾ വേണ്ടെന്നും പൂർണമായും അവഗണിക്കുകയാണ് ചെയ്യേണ്ടതെന്നും അഭിപ്രായമുയർന്നു.
അതേ സമയം, ഇരുവരുടെയും മണ്ഡലങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള പൊതുപരിപാടികളിൽ എംഎൽഎ എന്ന നിലയിൽ ഇരുവർക്കും പങ്കെടുക്കേണ്ട സാഹചര്യമുണ്ടാകും. ഇവരെ മാറ്റി നിർത്തുകയോ അവഗണിക്കുകയോ ചെയ്താൽ അത് പുതിയ വിവാദത്തിനിടയാക്കും. അത്തരമൊരു സാഹചര്യമുണ്ടായാൽ മാധ്യമമങ്ങൾ പർവതീകരിച്ചു കാണിച്ച് പുതിയ വിവാദത്തിനിടയാക്കുമെന്നതിനാൽ കരുതലോടു കൂടിയുള്ള അവഗണനാ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അഭിപ്രായമുയർന്നു.
എന്നാൽ, പാർട്ടി നിയന്ത്രത്തിലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിൽ ഇരുവരെയും അടുപ്പിക്കേണ്ടതില്ലെന്നാണ് നിലപാട്.ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരുടെ കാര്യത്തിൽ എം.വി. ജയരാജന് നേരത്തെയുള്ള നിലപാടിൽ മാറ്റം വന്നിട്ടുണ്ടോ എന്ന വിമർശനവും ഉയർന്നു.
തെരഞ്ഞെടുപ്പ് വേളയിൽ ടി.കെ. ഗോവിന്ദനെതിരേ പൊതുയോഗത്തിൽ വർഗവഞ്ചകനെന്ന് വിശേഷിപ്പിച്ച ജയരാജൻ അഭിമുഖത്തിൽ നടത്തിയ പരാമർശത്തിൽ ഇക്കാര്യത്തിൽ കുറച്ചുകൂടി മയപ്പെടുത്തിയ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതാണ് ചർച്ചയായത്. എം.വി. ജയരാജന്റെ പ്രസ്താനവനയെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചതും ചർച്ചയായി.നേതാക്കളുടെ ഭാഗത്ത് നിന്നും ജാഗ്രതയോടെയുള്ള പെരുമാറ്റമാണ് വേണ്ടതെന്ന നിർദേശവും ഉയർന്നു.
