സിംഗപ്പൂര്‍: ലോകരാഷ്ട്രങ്ങളില്‍ സാമ്പത്തിക അസമത്വം ഏറ്റവും കൂടുതല്‍ ഇന്ത്യയിലും ചൈനയിലുമാണെന്ന് ഐഎംഎഫ്. ഇന്ത്യയും ചൈനയും അതിവേഗം വളരുന്ന രാജ്യങ്ങളാണ്. പട്ടിണി കുറഞ്ഞു. അതോടൊപ്പം രാജ്യത്തെ സാമ്പത്തികനിലയും മെച്ചപ്പെട്ടു. എന്നാല്‍, അസമത്വം വര്‍ധിച്ചുവെന്നും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് അഭിപ്രായപ്പെട്ടു. നേരത്തെ ഏഷ്യയുടെ അതിവേഗ വളര്‍ച്ച സാമ്പത്തികനില ഏകദേശം തുല്യമായി വിഭജിച്ചു നല്കി. എന്നാല്‍ ഇപ്പോള്‍ അതിവേഗം വളരുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ പട്ടിണിയും വര്‍ധിച്ചുവരുന്നു. സമത്വത്തിലൂടെയുള്ള വളര്‍ച്ച സാധ്യമാക്കാവുന്നതിലും അപ്പുറമാണിപ്പോള്‍.
നഗരപ്രദേശങ്ങളില്‍ ഇടത്തരം സാമ്പത്തികനിലയിലുള്ളവരെ വാര്‍ത്തെടുക്കാന്‍ ചൈനയ്ക്ക് ഏറെക്കുറെ കഴിഞ്ഞിട്ടുണെ്ടന്ന് ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, തായ്‌ലന്‍ഡ്, ഇന്ത്യ, ഇന്തോനേഷ്യ എന്നിവര്‍ ഇപ്പോഴും വെല്ലുവിളി നേരിടുകയാണ്. ജനപ്പെരുപ്പം അനുസരിച്ച് സാമ്പത്തിക നിലവാരമുയര്‍ത്താന്‍ ഈ രാജ്യങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല.
ഗ്രാമവും നഗരവും തമ്മിലുള്ള സാമ്പത്തിക അന്തരം ഇന്ത്യയില്‍ വളരെ വലുതാണ്. നഗരങ്ങള്‍ക്കുള്ളിലെ കുടുംബങ്ങള്‍ തമ്മിലും സാമ്പത്തിക അന്തരം പ്രകടമാണ്. വ്യവസായവത്കരണത്തിന്റെ അതിവേഗ വളര്‍ച്ച ചൈനയുടെ ചില ഭാഗങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചപ്പോള്‍ വിദേശ നിക്ഷേപങ്ങളും അവിടേക്കു കേന്ദ്രീകരിച്ചു. ഇത് മറ്റു സ്ഥലങ്ങളുമായുള്ള സാമ്പത്തിക അന്തരത്തിനു കാരണമായി. ഇതു മാത്രമല്ല ഗ്രാമീണമേഖലകളിലെ കുറഞ്ഞ വിദ്യാഭ്യാസവും സാമ്പത്തിക അന്തരത്തിനു പ്രധാന കാരണമായി. എന്നാല്‍, ഇന്ത്യയില്‍ ഗ്രാമീണ-നഗര വരുമാനങ്ങള്‍ തമ്മിലുള്ള അന്തരമാണ് പ്രധാന കാരണം. ഗ്രാമീണ മേഖലയിലെ വിലക്കയറ്റം സാധാരണക്കാരെ പ്രതിസന്ധിയിലാഴ്ത്തി. രണ്ടു പതിറ്റാണ്ടുകളായി വിദ്യാഭ്യാസ നിലവാരവും ഇന്ത്യയിലെ സാമ്പത്തിക അന്തരത്തിനു കാരണമാകുന്നുണ്ട്.
സാമ്പത്തിക അസമത്വത്തിനെതിരേ പോരാടാന്‍ ഇരു രാജ്യങ്ങളും നിരവധി പദ്ധതികളും ആവിഷ്കരിച്ചിരുന്നു. സാമൂഹിക സുരക്ഷ നല്കുന്ന ചൈനയുടെ മിനിമം ലൈവ്‌ലിഹുഡ് ഗ്യാരന്റി സ്കീം, 100 ദിവസം തൊഴില്‍ ഉറപ്പാക്കുന്ന ഇന്ത്യയുടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എന്നിവ ഇവയില്‍ ചിലതാണ്. അവ ഏറെക്കുറെ ലക്ഷ്യം കാണുകയും ചെയ്തിട്ടുണ്ട്.