ബാങ്കുകാര്‍ ജപ്തിയ്ക്കായി വരുമ്പോള്‍ പട്ടിയെ അഴിച്ചുവിട്ട് വരുന്നവരെ കണ്ടംവഴി ഓടിക്കുന്നത് പതിവായി; ഒടുവില്‍ കോടതി ഉത്തരവോടെ പട്ടികളെ ബാങ്കുകാര്‍ പിടിച്ചു കൊണ്ടുപോയി; നായ്ക്കളെ ലേലം ചെയ്യുമെന്ന് പത്രപരസ്യം നല്‍കിയിട്ടും കൂസലില്ലാതെ യജമാനന്‍ ഒളിവില്‍…

തിരുവനന്തപുരം: നായ്ക്കളുടെ അത്രയും യജമാനസ്‌നഹമുള്ള മറ്റൊരു ജീവിയും കാണില്ല. എന്നാല്‍ ഇവിടെ യജമാനനെ സ്‌നേഹിക്കാന്‍ പോയ 14 നായ്ക്കള്‍ക്ക് പണി പാലുംവെള്ളത്തില്‍ കൊടുത്താണ് യജമാനന്‍ മുങ്ങിയത്. ജപ്തി നോട്ടീസ് പതിക്കാനെത്തിയ ബാങ്ക് ജീവനക്കാരെ വിരട്ടിയോടിച്ച് കോടതിനടപടി തടസ്സപ്പെടുത്തിയ കേസിലെ ‘പ്രതികളാണ്’ ഇപ്പോള്‍ ഈ 14 നായ്ക്കള്‍. അതേസമയം ഇവയെ ലേലം ചെയ്യുമെന്ന് പരസ്യം നല്‍കിയിരിക്കുകയാണ് ബാങ്ക് അധികൃതര്‍. ബാങ്കിന്റെ സ്റ്റാച്യുശാഖയാണ് ‘ശ്വാനവാല്‍’ പിടിച്ചത്.

നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശിയായ അനില്‍കുമാറാണ് വസ്തു പണയപ്പെടുത്തി 80 ലക്ഷം രൂപ വായ്പയെടുത്ത് അടയ്ക്കാതിരുന്നത്. ഒടുവില്‍ ജപ്തി നടപടികളിലേക്ക് കടക്കാതെ തരമില്ലെന്നായപ്പോള്‍ ബാങ്ക് നിയമാനുസൃത വഴിതേടുകയായിരുന്നു. അധികൃതര്‍ സ്ഥലത്തെത്തുമ്പോള്‍ ഉടമ നായ്ക്കളെ തുറന്നുവിട്ട് ഇവരെ വിരട്ടി ഓടിക്കുക പതിവായി. അഡ്വക്കേറ്റ് കമ്മിഷണറും ബാങ്ക് ഉദ്യോഗസ്ഥരും പലതവണ പോയി കുരകേട്ട് മടങ്ങി. ഒടുവില്‍ കാര്യങ്ങള്‍ കോടതിയെ അറിയിച്ചു. നായപിടിത്തക്കാരെക്കൊണ്ട് ‘ടി കക്ഷികളെ’ പിടിക്കാന്‍ കോടതിയില്‍നിന്ന് വിധി നേടി. അങ്ങനെ യജമാനനെ സേവിച്ച 14 നായ്ക്കളെയും ബാങ്കിന്റെ ചെലവില്‍ പിടികൂടിയശേഷമാണ് നോട്ടീസ് പതിക്കാനായത്. ‘യജമാനന്‍’ അപ്പോഴേക്കും ഒളിവില്‍പ്പോവുകയും ചെയ്തു.

കോടതി ഉത്തരവ് പ്രകാരം വസ്തു ജപ്തി ചെയ്യാന്‍ പോയപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നേരെ വസ്തു ഉടമ അഴിച്ചുവിട്ട 14 പട്ടികളാണ് ഇതെന്ന് അറിയുമ്പോഴാണ് ബാങ്കിന്റെ ഗതികേട് മനസ്സിലാകുക.കോടതി ഉത്തരവ് പ്രകാരം പണയ വസ്തു ജപ്തി ചെയ്യാന്‍ പോയതായിരുന്നു ഒരു ബാങ്കിലെ തിരുവനന്തപുരത്തെ ഉദ്യോഗസ്ഥര്‍. എന്നാല്‍ ജപ്തിക്ക് വന്ന ഉദ്യോഗസ്ഥരെ വസ്തു ഉടമ സ്വീകരിച്ചത് പട്ടികളെ അഴിച്ചുവിട്ടാണ്. ഒന്നും രണ്ടുമല്ല. 14 പട്ടികളെ. ജപ്തി ചെയ്യാന്‍ പോയിട്ട് വസ്തുവില്‍ പ്രവേശിക്കാന്‍ പോലും കഴിയാതിരുന്ന ഉദ്യോഗസ്ഥര്‍ പട്ടികളെ പിടിക്കാനുള്ള അനുമതിക്കായി വീണ്ടും കോടതിയെ സമീപിച്ചു.

അവസാനം കോടതി വിധി സമ്പാദിച്ച് പട്ടിപിടുത്തക്കാരെ ഉപയോഗിച്ച് പതിനാല് പട്ടികളെയും പിടിച്ചു. അപ്പോഴാണ് അടുത്ത പ്രശ്‌നം. ഈ പട്ടികളെ എന്ത് ചെയ്യുമെന്നായി അടുത്ത ചിന്ത അവസാനം പട്ടികളെ അവിടെ നിന്നും മാറ്റി ബാങ്ക് ചെലവില്‍ തന്നെ സംരക്ഷിച്ചു. ഇപ്പോള്‍ പട്ടികളെ പിടിക്കാനും പരിപാലിക്കാനും ചെലവായ 30000 രൂപ അടച്ച് പട്ടികളെ തിരിച്ചെടുക്കണമെന്ന് ഉടമയോട് പത്രപരസ്യത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് ബാങ്ക്. അല്ലാത്തപക്ഷം ഈ പട്ടികളെ ഇനിയൊരു അറിയിപ്പില്ലാതെ വില്‍പ്പന നടത്തുമെന്നും പരസ്യത്തില്‍ പറയുന്നു.

രണ്ടുപേരെ അഭിസംബോധന ചെയ്താണ് പരസ്യം ആരംഭിക്കുന്നത്. ഇവരുടെ ഇപ്പോഴത്തെ വിലാസം ബാങ്കിന് അറിയാത്തതിനാലാണ് ബാങ്ക് ഇത്തരത്തിലൊരു പരസ്യം രണ്ട് ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.ചുള്ളിമാനൂരിലെ വീടുവിട്ട അനില്‍കുമാര്‍ നഗരത്തില്‍ താമസിക്കുന്നതായി വിവരം ലഭിച്ചെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല. പത്രപരസ്യം കണ്ട് യജമാനന്‍ മടങ്ങിവരുമോയെന്ന് കാത്തിരിക്കുകയാണ് അധികൃതര്‍. എന്തായാലും യജമാനന് നായ്ക്കളോട് ചെയ്തത് വല്ലാത്തൊരു ചെയ്ത്തായിപ്പോയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related posts