വടകര: മാഹിയില്‍ നിന്ന് കടത്തിയ വിദേശ മദ്യവുമായി പാഞ്ഞ കാര്‍ എക്സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞെങ്കിലും സിനിമാ സ്റ്റൈലില്‍ പിന്തുടര്ന്ന് പിടിയില്‍. സ്ഥിരം മദ്യക്കടത്തുകാരനെന്ന് വിളിക്കുന്ന പേരാമ്പ്രക്കടുത്ത് മുയിപ്പോത്ത് നടുവിലക്കണ്ടി സായി സുരേന്ദ്രനെ (48) വടകര എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാള്‍ ഓടിച്ച കെഎല്‍ 11 ടി.5050 നമ്പര്‍ ഹുണ്ടായി സാന്‍ട്രോ കാര്‍ അഴിയൂര്‍ എക്സൈസ് ചെക്ക്പോസ്റ്റില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയപ്പോള്‍ മൂന്നു കിലോമീറ്ററോളം സാഹസികമായി പിന്തുടര്ന്ന് കണ്ണൂക്കരയില്‍ നിന്നാണ് പിടികൂടിയത്.
ഇതിനിടയില്‍ എതിരെ വന്ന ലോറിയിലും ബൈക്കിലും കാറിടിച്ചെങ്കിലും ഭാഗ്യത്തിന് ആളപായം ഒഴിവായി. ഇടി കൊണ്ട ലോറി നിയന്ത്രണം വിട്ട് എക്സൈസ് ജീപ്പിലിടിച്ചെങ്കിലും പിന്മാറാതെ എക്സൈസ് സംഘം കടത്തുകാരനെ പിടികൂടുകയായിരുന്നു.മുന്തിയ ഇനത്തില്‍ പെട്ട 170 കുപ്പി മദ്യമാണ് കാറില്‍ നിന്ന് കണ്ടെടുത്തത്. മദ്യം കോഴിക്കോട് എത്തിക്കുകയായിരുന്നു കടത്തുകാരന് സായി സുരേന്ദ്രന്റെ ചുമതല. കൂലിയായി അയ്യായിരം രൂപയും എണ്ണ പൈസയായി രണ്ടായിരം രൂപയുമാണ് പ്രതിഫലമെന്ന് ഇയാള്‍ എക്സൈസിനോട് പറഞ്ഞു. സ്ഥിരം കടത്തുകാരന് എന്നറിയിപ്പെടുന്ന സായി സുരേന്ദ്രന്റെ പേരില്‍ നാലു കേസ് നിലവിലുണ്ട്. ജാമ്യത്തിലിറങ്ങിയാല്‍ വീണ്ടും മദ്യക്കടത്തിനിറങ്ങുകയാണ് ഇയാള്‍ ചെയ്യുന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ.ശ്രീധരന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍.എസ്.സുനീഷ്, പി.പി.ഷൈജു, എ.കെ.രതീഷ്, ഡ്രൈവര്‍ പുഷ്പരാജന്‍ എന്നിവരടങ്ങിയ സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.
