27 വര്‍ഷങ്ങള്‍, യുപിയുടെ ദുരിതവര്‍ഷങ്ങള്‍…! ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് ഔദ്യോഗികമായി തുടക്കം കുറിച്ചു

soniyaലക്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് ഔദ്യോഗികമായി തുടക്കം കുറിച്ചു. ‘27 വര്‍ഷങ്ങള്‍, യുപിയുടെ ദുരിത വര്‍ഷങ്ങള്‍’ എന്നതാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യവും ആശയവും. 1989നുശേഷം സംസ്ഥാനത്ത് ഭരണം നേടാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് കഴിഞ്ഞ 27 വര്‍ഷം ഉത്തര്‍പ്രദേശ് സര്‍വമേഖലകളിലും പിന്നോട്ടടിച്ചെന്ന വാദവുമായാണ് തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്. 1989 മുതല്‍ ജനതാദള്‍, ബിജെപി, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി എന്നിവയാണ് യുപിയില്‍ ഭരണത്തില്‍ എത്തിയത്. 2002 മുതല്‍ ബിഎസ്പി, എസ്പി എന്നിവയാണ് മാറിമാറി ഭരിക്കുന്നത്.

തെരഞ്ഞെടുപ്പിനു പ്രചാരണം കുറിച്ച് ഡല്‍ഹിയില്‍നിന്നുള്ള ബസ് യാത്ര കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാജ് ബാബര്‍, പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീല ദീക്ഷിത്, ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ജൂലൈ 29 ലക്‌നോവില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. 50,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന വമ്പന്‍ യോഗമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ഓഗസ്റ്റ് രണ്ടിന് സോണിയ ഗാന്ധി റോഡ് ഷോ നടത്തും.

Related posts