ഡമാസ്കസ്: സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനായ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവയ്ക്കു നേരേ ഞായറാഴ്ച നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിഷ്ലിയിലെ സെന്റ് ഗബ്രിയേല്‍ പള്ളിയില്‍ 1915ലെ സെയ്ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കുന്നതിനുള്ള ചടങ്ങില്‍ ബാവ പങ്കെടുക്കുമ്പോഴാണ് ആക്രമണം നടന്നത്. ഓട്ടോമന്‍ തുര്‍ക്കികളുടെ ഭരണകാലത്തു അര്‍മീനിയന്‍ ക്രൈസ്തവരെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനു നടത്തിയ കൂട്ടക്കൊലയുടെ ഭാഗമാണു സെയ്ഫോ കൂട്ടക്കൊല. രണ്ടരലക്ഷം പേരെങ്കിലും പ്രസ്തുത കൂട്ടക്കൊലയില്‍ മരിച്ചെന്നാണു കരുതുന്നത്.
സെന്റ് ഗബ്രിയേല്‍ പള്ളിയിലെ ചടങ്ങിനു നിരവധി ക്രൈസ്തവര്‍ എത്തിയിരുന്നു. ബാവയെ ലക്ഷ്യമിട്ട് എത്തിയ ചാവേര്‍ ഭടന് പള്ളിക്കുള്ളില്‍ കടക്കുന്നതിനുമുമ്പേ അര്‍മീനിയന്‍ ക്രൈസ്തവരുടെ സുരക്ഷാസംഘമായ സുട്ടോറോയിലെ ഭടന്മാര് അക്രമിക്കുനേരെ വെടിയുതിര്‍ത്തു. സ്ഫോടനത്തില്‍ ചാവേര്‍ ഭടനും മൂന്നു സുരക്ഷാഭടന്മാരും കൊല്ലപ്പെട്ടെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാവയ്ക്കു നേരെയുണ്ടായ ആക്രമണത്തെ ലോകനേതാക്കള്‍ അപലപിച്ചു.ആറു മാസത്തിനുള്ളില്‍ ഖാമിഷ്ലിയില്‍ ക്രൈസ്തവര്‍ക്കു നേരെയുണ്ടാവുന്ന നാലാമത്തെ ആക്രമണമായിരുന്നു ഞായറാഴ്ച നടന്നത്. മേയ് 22ന് അസീറിയന്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഐഎസ് നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു. ജനുവരിയില്‍ നടന്ന സ്ഫോടനത്തില്‍ മൂന്നു പേര് മരിക്കുകയും 20 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ നടന്ന ബോംബ് സ്ഫോടനങ്ങളില്‍ 16 പേര് മരിച്ചു.