വടകര: വടകരയില്‍ ഡിവൈഎസ്പി, സിഐ കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നു. പകരം ആളെ നിശ്ചയിച്ചെങ്കിലും ചാര്‍ജെടുക്കാത്തതിനാല്‍ കേസന്വേഷണങ്ങളെ ബാധിക്കുന്ന സ്ഥിതിയായി. ഡിവൈഎസ്പി ആയിരുന്ന പ്രജീഷ് തോട്ടത്തില്‍ ഒരാഴ്ച മുമ്പ് കണ്ണൂരിലെ ഇരിട്ടിയില്‍ ചാര്‍ജെടുത്തു. കോഴിക്കോട് സിറ്റി അഡ്മിനിസ്ട്രേഷനിലെ പി.കെ.രാജുവിനെയാണ് പകരം നിയമിച്ചതെങ്കിലും അദ്ദേഹം ഇനിയും വടകരയിലെത്തിയില്ല. വടകര സിഐ ആയിരുന്ന വിശ്വംഭരന് സ്വദേശമായ കാസര്‍കോട്ട് ജില്ലയിലെ ബേക്കലിലേക്ക് സ്ഥലം മാറി പോയി.
കോഴിക്കോട് സിറ്റിയിലെ ചന്ദ്രമോഹനനെയാണ് വടകരയിലേക്ക് നിയമിച്ചത്. പത്ത് ദിവസമായിട്ടും അദ്ദേഹം ചാര്‍ജെടുത്തില്ല. ഈ രണ്ട് സ്ഥാനങ്ങളും ഒഴിഞ്ഞു കിടക്കുന്നത് കേസന്വേഷണങ്ങളെയാണ് ബാധിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസിന്റെ പ്രവര്‍ത്തനം മുടങ്ങിയിരിക്കുകയാണ്. ഓഫീസര്‍ ഇല്ലാത്തതിനാല്‍ ഷാഡോ സംഘാംഗങ്ങളെ എആര്‍ ക്യാമ്പിലേക്ക് തിരിച്ചയച്ചതായാണ് വിവരം. നാദാപുരം സിഐക്ക് വടകരയുടെ അധിക ചുമതല നല്‍കിയിട്ടുണ്ടെങ്കിലും പല കേസുകളിലേയും അന്വേഷണം അവതാളത്തിലായി.
എംഎച്ച്ഇഎസ് കോളജിലെ ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തുടരന്വേഷണ ത്തിനായി വിവിധ തലങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടെങ്കിലും സിഐ ഇല്ലാത്തതിനാല്‍ കാര്യങ്ങള്‍ മുടന്തുന്ന സ്ഥിതി. നാദാപുരം സിഐ രാജപ്പന് കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും സമയമില്ലായ്മ അദ്ദേഹത്തിനു പ്രശ്നമായിരിക്കുകയാണ്.
നാദാപുരം മേഖലയില്‍ പിടിപ്പതു പണിയായിരിക്കുമ്പോഴാണ് വടകരയുടെ അധികചൂമതല. അന്വേഷണം വേണ്ട മറ്റു കേസുകളും ഇക്കാരണത്താല്‍ ഫയലില്‍ ഉറങ്ങുകയാണ്. അഴിത്തലയിലെ ജസീല എന്ന യുവതി പാലക്കാട് അപകടത്തില്‍ മരണപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ നല്കിയ പരാതിക്കും അനക്കമില്ല.
കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ പോയപ്പോള്‍ സിഐ ഇല്ലെന്നും പുതിയ നിയമനം വന്നാലെ അന്വേഷണം നടത്തുമെന്നുമാണ് അറിയിച്ചത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ റൂറല്‍ എസ്പി പരാതി കൊടുത്തെങ്കിലും എസ്പിയും ഇതേ മറുപടി നല്കി. ക്രൈം റിപോര്‍ട്ട് ചെയ്യുന്നതില്‍ മുന്‍പന്തിയിലായ വടകരയില്‍ രണ്ട് പ്രധാനപ്പെട്ട തസ്തികകളിലാണ് ആളില്ലാതെ കിടക്കുന്നത്.