ടൂറിസം ഓണം വാരാഘോഷത്തിന് നെയ്യാറ്റിന്‍കരയും വേദിയാകും: കെ.ആന്‍സലന്‍ എംഎല്‍എ

tvm-onamനെയ്യാറ്റിന്‍കര: വിനോദ സഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷങ്ങള്‍ക്ക് ഇപ്രാവശ്യം നെയ്യാറ്റിന്‍കരയും വേദിയാകുമെന്ന് കെ. ആന്‍സലന്‍ എംഎല്‍എ അറിയിച്ചു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏര്യ കമ്മിറ്റി നെയ്യാറ്റിന്‍കര നഗരസഭയുടെയും വിവിധ സംഘടനകളുടെയും മറ്റും സഹകരണത്തോടെ സംഘടി പ്പിക്കുന്ന നെയ്യാര്‍ മേളയുടെ സ്വാഗതസംഘം ഭാരവാഹി കളുടെയും രക്ഷാധി കാരികളു ടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.

എക്‌സിബിഷന്‍ സ്റ്റാളുകളുടെ വൈവിധ്യം മേളയിലെ ജനകീയ പങ്കാളിത്തം വര്‍ധിപ്പിക്കും. നഗരസഭ പ്രദേശത്തിനു പുറത്തും മേളയുമായി ബന്ധപ്പെട്ട പരിപാടികള്‍ ഇക്കുറി നടക്കുന്നുണ്ട്. ചെങ്കല്‍ വലിയകുളത്തിലെ വള്ളംകളിയും നെല്ലിമൂട്ടിലെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും പൊഴിയൂരില്‍ നടക്കുന്ന ഫുട്‌ബോളും ഇതിന് ഉദാഹരണമാണ്.   സബ് കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും മേളയുടെ മുഖ്യരക്ഷാധികാരി കൂടിയായ ആന്‍സലന്‍ നിര്‍ദേശിച്ചു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ അധ്യക്ഷത വഹിച്ച യോഗത്തില്‍ മേളയുടെ രക്ഷാധികാരികളായ എം. വേണുഗോപാലന്‍തമ്പി, നെയ്യാറ്റിന്‍കര സനല്‍, എന്‍. അയ്യപ്പന്‍നായര്‍, എന്‍.പി ഹരി, എന്‍. സുധീന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ എം. ഷാനവാസ്, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ ഷിബു, ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാര്‍, സമിതി ഏര്യാ പ്രസിഡന്റ് എം. സുരേഷ്കുമാര്‍, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. സെപ്തംബര്‍ ഒമ്പതു മുതല്‍ 25 വരെ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് നെയ്യാര്‍ മേള അരങ്ങേറുന്നത്.

മുന്‍വര്‍ഷങ്ങളില്‍ നിന്നും കൂടുതല്‍ വിപുലമായ രീതിയിലാണ് ഇക്കുറി മേളയുടെ സംഘാടനമെന്ന് ജനറല്‍ കണ്‍വീനര്‍ എം. ഷാനവാസ് പറഞ്ഞു.   അറുപതോളം സ്റ്റാളുകള്‍ക്കു പുറമേ ജി.ആര്‍ സ്ക്വയര്‍, ഗാന്ധിഗ്രാമം, നെയ്യാര്‍ മുദ്രകലയുടെ എക്‌സിബിഷന്‍, നെയ്യാറ്റിന്‍കരയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന  പ്രത്യേക പ്രദര്‍ശനം, കാര്‍ണിവല്‍ മുതലായവ മേളയെ ആകര്‍ഷകമാക്കും. ലക്കി ഡ്രോ, സ്കൂള്‍ കുട്ടികള്‍ക്കുള്ള കലാ- കായിക മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കാര്‍ഷികോത്പന്നങ്ങളുടെ വിപണന മേളയും വിവിധ വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള സെമിനാറുകളും  നെയ്യാര്‍ മേളയുടെ ഭാഗമായി നടക്കുമെന്നും ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

Related posts