വിഴിഞ്ഞം: തീരക്കടല്‍ ഹര്‍ത്താലില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്തെ തീരരക്ഷസേനകള്‍ക്കും ജാഗ്രതാ നിര്‍ദേശം. കടലിലെ മത്സ്യസമ്പത്തിനെ അപ്പാടെ തകര്‍ക്കുന്ന പെയര്‍ ട്രോളിംഗ് സമ്പ്രദായത്തിനെതിരെയാണ് ഹര്‍ത്താല്‍. മഞ്ചേശ്വരം മുതല്‍ പാറശാല വരെയുള്ള തീരക്കടല്‍ പ്രതിഷേധത്തിന്റെ ഭാഗമാണെങ്കിലും പെയര്‍ ട്രോളിംഗ് ജില്ലയില്‍ കുറവായതിനാല് കാര്യമായ പ്രതികരണം സൃഷ്ടിക്കാനിടയില്ല. മത്സ്യക്കുഞ്ഞുങ്ങളെ കൂട്ടമായി പിടികൂടുന്നതിലൂടെന മത്സ്യസമ്പത്ത് കുറഞ്ഞ്പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി നഷ്ടപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
എന്നാല്‍ തീരമേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയോ, പള്ളികളുടെയോ പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താല്‍ കാര്യമായ പ്രതികരണം സൃഷ്ടിക്കാനിടയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സ്വതന്ത്ര മത്സ്യത്തൊഴിലാളി സംഘടനകള്‍ക്ക് വിഴിഞ്ഞം മേഖലയില്‍ വേണ്ടത്ര ശക്തിയില്ലാത്തതിനാല്‍ ഇന്നത്തെ മത്സ്യബന്ധനത്തെ ബാധിക്കാനിടയില്ലെന്ന് അധികൃതര്‍ പറയുന്നു.പെയര്‍ ട്രോളിംഗ് രീതി ജില്ലയില്‍ കുറവാണെങ്കിലും തട്ടുമടിയെന്ന പേരിലുള്ള അരിച്ച് പെറുക്കല്‍ മത്സ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നതായി ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് തീരത്ത് സുരക്ഷാ ഏജന്‌സികളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.