കോട്ടയം: കരുതലോടെ കരുക്കള്‍ നീക്കുകയാണ് ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎ. ജില്ലയിലെ ത്രിതല തദ്ദേശസ്ഥാപനങ്ങളിലുടനീളം ബിജെപി, ക്രൈസ്തവ വോട്ടുകളില്‍ കണ്ണുവയ്ക്കുന്നു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒന്നുമുതല്‍ ആറുവരെ സീറ്റുകളില്‍ ക്രൈസ്തവ സ്ഥാനാര്‍ഥികളെ മുന്‍പുതന്നെ കണ്ടെത്തിയിരുന്നു.
നിസാരപ്രശ്നങ്ങളുടെ പേരില്‍ യുഡിഎഫുമായി അതൃപ്തിയും അകല്ച്ചയുമുണ്ടായവരെയാണ് ഏറെയിടങ്ങളിലും ബിജെപി തെരഞ്ഞുപിടിച്ചത്. വാര്‍ഡു പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ ഇത്തരക്കാര്‍ക്ക് തുടക്കത്തില്‍തന്നെ പദവിയും നല്കി. അടുത്തയിടെ നടത്തിയ കലുങ്കുസഭകളില് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെ നേതാക്കളെത്തിയാണ് ഇത്തരക്കാരെ കാവിഷാള്‍ അണിയിച്ച് ബിജെപിയില്‍ സ്വീകരിച്ചത്.
ക്രൈസ്തവ മുന്‍തൂക്ക പ്രദേശങ്ങളില്‍ ക്രൈസ്തവ വോട്ടുകളില്‍ ചെറിയൊരു ശതമാനം കൂടി എന്‍ഡിഎയ്ക്ക് ലഭിച്ചാല്‍ 2020 ലെ വിജയത്തിന്റെ ഇരട്ടിയോളം നേട്ടം കിട്ടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഇത്തരത്തില്‍ ഗ്രാമപഞ്ചായത്തുകളിലാണ് ബിജെപിയുടെ തന്ത്രപരമായ പരീക്ഷണം.
2020ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളില്‍ ബിജെപി ഭരണം പിടിച്ചു. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളില്‍ ഇത്തവണ 12 ഇടത്ത് ഭരണം പിടിക്കാനും 25 ഇടത്ത് മുഖ്യപക്ഷമാകാനും ബിജെപി ലക്ഷ്യമിടുന്നു. നഗരസഭകളില്‍ നിലവിലുള്ള പ്രാതിനിധ്യം ഇരട്ടിയാക്കാനും നീക്കം നടത്തുന്നു.
ഓരോ വാര്‍ഡിലെയും സാമുദായിക സര്‍വേ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ശേഖരിച്ചിട്ടുണ്ട്. ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയം ഈ ലിസ്റ്റ് അടിസ്ഥാനമാക്കിയാണ്.ബിജെപിക്ക് തനിയെ വിജയിക്കാന്‍ സാധിക്കാത്തതും എന്നാല്‍ നേരിയ വോട്ടുകളില്‍ തോല്‍വി സംഭവിക്കുന്നതുമായ വാര്‍ഡുകളിലാണ് പ്രധാനമായി ക്രൈസ്തവ സ്ഥാനാര്‍ഥികളെ നിറുത്തുന്നത്.
ബിജെപിക്ക് മുന്‍തൂക്കമുള്ള വാര്‍ഡുകളിലും ക്രൈസ്തവരെ സ്ഥാനാര്‍ഥിയാക്കുന്നതും തന്ത്രപരമായ മറ്റൊരു നീക്കമാണ്. ഭരണം നേടിയാല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നല്കി സമുദായ പ്രീണനം നടത്തി ഭാവിയില്‍ കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാം. ഇലക്ഷന് പ്രചാരണത്തിനും വീടുസന്ദര്ശനത്തിനും ക്രൈസ്തവരെയും ഉള്‍പ്പെടുത്തണമെന്നും പ്രചാരണ യോഗങ്ങളില്‍ ന്യൂനപക്ഷ നേതാക്കളെ എത്തിക്കണമെന്നും തീരുമാനമുണ്ട്.

