ദേശീയപാതയോരത്തെ ചുട്ടുപൊള്ളുന്ന വെയിലിൽ സഞ്ചാരികളുടെ കണ്ണിനും മനസിനും കുളിർമയേകി സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് എം. ശ്രീവിദ്യയുടെ “പൂങ്കാവനം’ അഗ്രി ഫാം. കാസർഗോഡ് ജില്ലയിലെ പൊയിനാച്ചി ടൗണിൽ ആശീർവാദ് ഓഡിറ്റോറിയത്തിന് എതിർവശത്തായുള്ള ശ്രീവിദ്യയുടെ കൃഷിയിടം സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷനു കീഴിൽ ഫാം ടൂറിസം സംരംഭമെന്ന നിലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. വിവിധ വർണങ്ങളിലുള്ള തണ്ണിമത്തനും സൂര്യകാന്തിപ്പൂക്കളുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഫാമിന്റെ പ്രധാന ആകർഷണം. സൂര്യകാന്തിപ്പൂക്കൾക്കും കൃഷിയിടത്തിലെ മറ്റു കാഴ്ചകൾക്കും ഇടയിൽ നിന്ന് ഫോട്ടോകളും വീഡിയോകളും എടുക്കാനും റീലുകൾ ചിത്രീകരിക്കാനുമൊക്കെ നിരവധി സന്ദർശകരാണ് എത്തിയത്.
ചുട്ടുപൊള്ളുന്ന പാറയും ചുവന്ന മണ്ണുമുള്ള പൊയിനാച്ചി പോലൊരു സ്ഥലത്ത് കൃഷിയോടുള്ള അർപ്പണബോധവും കഠിനാധ്വാനവും കൊണ്ട് ഇങ്ങനെയൊരിടം സൃഷ്ടിക്കാൻ കഴിഞ്ഞതിനു തന്നെ സന്ദർശകർ നൂറു മാർക്ക് നൽകുന്നു. ട്രാവൽ ആൻഡ് ടൂറിസം എക്സിക്യൂട്ടീവും അക്കൗണ്ടന്റുമായി ജോലിചെയ്തിട്ടുള്ള ശ്രീവിദ്യ ഇപ്പോൾ പെർളടുക്ക ടൗണിൽ സ്വന്തമായി ട്രാവൽ ഏജൻസി നടത്തുന്നതിനൊപ്പമാണ് വൈവിധ്യമാർന്ന കാർഷിക പരീക്ഷണങ്ങൾക്കും ഫാം ടൂറിസത്തിനുമെല്ലാം സമയം കണ്ടെത്തുന്നത്.
ചുവപ്പും ഓറഞ്ചും മഞ്ഞയും നിറങ്ങളിലുള്ള അകക്കാമ്പുകളോടു കൂടിയ വിവിധയിനം ഹൈബ്രിഡ് തണ്ണിമത്തനുകൾ വാങ്ങാനും ഫാമിൽ വച്ചുതന്നെ കഴിക്കാനും സ്കൂൾ വിദ്യാർഥികളുൾപ്പെടെ ഒട്ടേറപ്പേർ ഇവിടെയെത്തിയിരുന്നു. പൊതുവേ തീരദേശത്തെ പാടങ്ങളിൽമാത്രം വിളയുന്ന പൊട്ടുവെള്ളരിയും വിഷുക്കാലത്തിന്റെ ആകർഷണങ്ങളിലൊന്നായ കണിവെള്ളരിയും തണുപ്പു കാലാവസ്ഥയിൽ വളരുന്ന കാബേജും കോളിഫ്ലവറുമെല്ലാം ഇവിടെ വിളഞ്ഞു. തണ്ണിമത്തന്റെയും പച്ചക്കറികളുടെയും സീസൺ കഴിഞ്ഞപ്പോഴാണ് സൂര്യകാന്തി വിത്തുകൾ നട്ടുമുളപ്പിച്ചത്. മനോഹരമായ പൂക്കൾ നിരനിരയായി വിരിഞ്ഞു തുടങ്ങിയതോടെ ഇവിടം കർണാടകയിലെ സൂര്യകാന്തിപ്പാടങ്ങളെപ്പോലെ മനോഹരമായി.

പെർളടുക്കയ്ക്കു സമീപത്തുള്ള നാലേക്കര്‍ ഭൂമിയും ശ്രീവിദ്യ കൃഷിക്ക് ഉപയുക്തമാക്കിയിട്ടുണ്ട്. പാറയുള്ള ഭാഗങ്ങളിൽ മണ്ണിട്ടു നിറച്ചും സ്ഥലം തട്ടുകളായി തിരിച്ചും മഴവെള്ളം മണ്ണിലിറങ്ങുന്നതിനുള്പ്പെടെ സൗകര്യമൊരുക്കി. തെങ്ങ്, പാഷന് ഫ്രൂട്ട്, വിവിധയിനം പച്ചക്കറികള്‍ എന്നിവയെല്ലാം ഇവിടെ കൃഷിചെയ്യുന്നു. ഇതോടൊപ്പം കോഴി, മുയല്, പശു എന്നിവയെയും കൃഷിയിടത്തിലെ മഴവെള്ളസംഭരണിയില്‍ മീനുകളെയും വളര്‍ത്തുന്നു. അസോള, തീറ്റപ്പുല്‍ കൃഷിയുമുണ്ട്. കൃഷിയിടത്തില്‍നിന്നു തന്നെ ലഭിക്കുന്ന കാലിവളത്തിനും കോഴിവളത്തിനുമൊപ്പം വേപ്പിന് പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് എന്നിവയും ഉപയോഗിക്കുന്നു. കടുത്ത വേനല്‍ച്ചൂടുള്ള ഇടമായതിനാല്‍ ഇവിടെയും ഇടമുറിയാതെ ജലസേചനം വേണ്ടിവരുന്നുണ്ട്.
കാര്‍ഷികമേഖലയിലെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് പഠിക്കാന്‍ രണ്ടുവർഷം മുമ്പ് സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇസ്രയേലിലേക്ക് യാത്ര നടത്തിയ സംഘത്തിലും ശ്രീവിദ്യ ഉൾപ്പെട്ടിരുന്നു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുകയും ആധുനിക സാങ്കേതികവിദ്യകളും ഫാം ടൂറിസമടക്കമുള്ള സാധ്യതകളും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിലൂടെ കൃഷിയെ മികച്ച വരുമാനമാർഗമായി നിലനിർത്താനാകുമെന്നും പുതുലമുറകൾക്കും ആകർഷകമാക്കാൻ കഴിയുമെന്നും ശ്രീവിദ്യ പറയുന്നു.
കൃഷിരീതികൾ പഠിക്കാനും പഠിപ്പിക്കാനും ജൈവ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുമുള്ള ഒരു തുറന്ന വേദിയെന്ന നിലയിൽ “പൂങ്കാവനം അഗ്രി ഫാം-ശ്രീവിദ്യ ദ മാസ്റ്റർ ഫാർമർ’ എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്.ഭര്‍ത്താവ് രാധാകൃഷ്ണന് വിദേശത്ത് ജോലിചെയ്യുന്നു. മക്കളായ രേവതി കൃഷ്ണയും ശിവനന്ദും അമ്മയ്ക്കൊപ്പം കൃഷിയിടത്തിൽ സജീവമാണ്. അച്ഛൻ നാരായണൻ നായരും അമ്മ ദാക്ഷായണിയും മകളുടെ കാർഷിക പരീക്ഷണങ്ങൾക്ക് നിറഞ്ഞ പിന്തുണയുമായി ഒപ്പമുണ്ട്.
ശ്രീജിത് കൃഷ്ണൻ
