കൊച്ചി: 1948 ലെ സെന്‍സസ് ആക്ട് പ്രകാരം നടത്തപ്പെടുന്ന സെന്‍സസ് 2027 ന്റെ ഒന്നാം ഘട്ട പ്രീ ടെസ്റ്റ് 2025 കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിനെ തുടര്‍ന്ന് കേരളത്തിലും നടപടികള്‍ ആരംഭിച്ചു. പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ സാമ്പിള്‍ പ്രദേശങ്ങളിലാണ് നിലവില്‍ പ്രീടെസ്റ്റ് സംഘടിപ്പിക്കുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് ഓഫീസിലെ കള്ളമല, ഷോളയൂര്‍ വില്ലേജുകളിലും, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലെ ഇരട്ടയാര്‍ വില്ലേജിലും, എറണാകുളം ജില്ലയിലെ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഒന്നു മുതല്‍ നാലു വരെയുള്ള വാര്‍ഡുകളിലുമാണ് പ്രീടെസ്റ്റ് നടത്തുന്നത്.
ഈ പ്രക്രിയയ്ക്കായി ജില്ലാ കളക്ടര്‍മാരെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോല, അട്ടപ്പാടി താലൂക്കുകളിലെ തഹസില്‍ദാര്‍മാരേയും കൊച്ചി കോര്പറേഷന് സെക്രട്ടറിയെയുമാണ് ചാര്‍ജ് ഓഫീസര്‍മാരായി നിയമിച്ചിരിക്കുന്നത്. എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.
ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും. ജനസംഖ്യാ കണക്കെടുപ്പിനുമുള്ള വിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ശേഖരിക്കുക. ഇതോടൊപ്പം, സെന്‍സസിന്റെ പുരോഗതി തത്സമയം നിരീക്ഷിക്കുന്നതിന് ആദ്യമായി ഒരു സിഎംഎംഎസ് വെബ് പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ നിര്‍വഹണം ഉറപ്പാക്കാന്‍, ഉപയോഗിക്കേണ്ട ഡിജിറ്റല്‍ ടൂളുകളിലെയും ഡിസൈന്‍ ചട്ടക്കൂടിലെയും പ്രധാന പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും പ്രീടെസ്റ്റ് നിര്‍ണായകമാണ്.
വിദൂരത, ദുര്‍ഘടമായ ഭൂപ്രദേശം, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങള്‍, ചേരി പ്രദേശം മുതലായവ പരിഗണിച്ചാണ് പ്രീടെസ്റ്റ് സാമ്പിളുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പൊതുജനങ്ങള്‍ വസ്തുതാപരമായ വിവരങ്ങള്‍ നല്കി സഹകരിക്കുകയും പ്രീടെസ്റ്റ് വിജയകരമാക്കുകയും ചെയ്യേണ്ടതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 2025 നവംബര്‍ ഒന്നു മുതല്‍ നവംബര്‍ ഏഴുവരെ സെല്‍ഫ് എന്യൂമറേഷനുള്ള അവസരം നല്‍കിയിരുന്നു. നവംബര്‍ 30 വരെ പ്രീടെസ്റ്റ് തുടരും.

