ചെറുപ്പകാലത്ത് അധികമൊന്നും സംസാരിക്കുന്ന കൂട്ടത്തില്‍ അല്ലായിരുന്നു ഞാന്‍. പിന്നെ സിനിമയില്‍ എത്തിയ ശേഷമാണെന്ന് തോന്നുന്നു ഇത്രയും സംസാരിക്കുന്ന രീതിയിലേക്ക് മാറിയത്. കുറച്ച് ഇന്ട്രോവേര്ട്ട് ആയിരുന്നു. ആദ്യ ഇന്റര്‍വ്യൂവിൽ ഒക്കെ ഒരു ചോദ്യം ചോദിച്ചാല്‍ അതിനുള്ള ചെറിയ ഉത്തരം മാത്രം പറയുകയായിരുന്നു രീതി. കൊറച്ച്കൂടി സംസാരിക്കണമെന്ന് ആളുകള്‍ പറയുമായിരുന്നു.
റേച്ചല്‍ സിനിമയില്‍ ഞാന്‍ ഒരു ഇറച്ചി വെട്ടുകാരി ആയിട്ടാണ് അഭിനയിക്കുന്നത്. അതൊരു ഭീകരമായ അനുഭവം തന്നെയായിരുന്നു. ഇറച്ചി വെട്ടുകാരി ആയിട്ട് ചെയ്യുക എന്ന് പറയുമ്പോള്‍, ഞാന്‍ എവിടെയും അങ്ങനെ കണ്ടിട്ടുണ്ടായിരുന്നില്ല. അത്തരം കടകളില്‍ ഒന്നും ചേച്ചിമാരെ ഞാന്‍ കണ്ടിട്ടില്ല. ചേട്ടന്മാര് മാത്രമാണല്ലോ അവിടെ ഉണ്ടാവാറുള്ളത്. അത്രയും കഷ്ടപ്പാട് ഉള്ളൊരു ജോലിയായിരുന്നു അത്.
നമ്മള് അത് പഠിക്കുന്ന സമയത്താണ് അതിനെക്കുറിച്ചൊക്കെ അറിയുന്നത്. ഇറച്ചി മാത്രമല്ലല്ലോ നമുക്ക് കട്ട് ചെയ്യാന്‍ ഉള്ളത്. അത് അത്ര എളുപ്പമായിരുന്നില്ല. അതിനൊരു പ്രത്യേക പരിശീലന പരിപാടി ഉണ്ടായിരുന്നു. ഒരു കടയില്‍ പോയി കണ്ടു മനസിലാക്കി. ഒരു ചേട്ടന് വന്നു അത് പഠിപ്പിക്കുകയും ചെയ്തു. അത് മാത്രമല്ല, ഞാന്‍ ജീപ്പ് ഓടിക്കുന്നതും ഉണ്ടായിരുന്നു. പഴയ ജീപ്പ് ഓടിക്കുന്നത് അത്ര ഈസിയായിരുന്നില്ല.
-ഹണിറോസ്
