കൊച്ചി: ശബരിമലയിൽനിന്നും സ്വർണം കവർന്ന സിപിഎമ്മിന്റെ രണ്ട് നേതാക്കൻമാർ ഇപ്പോഴും ജയിലിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവർക്കെതിരെ ഇതുവരെ സിപിഎം നടപടിയെടുത്തില്ല. ഇത് മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി സോണിയാ ഗാന്ധിയുടെ കൂടി പോറ്റിയുടെ ഫോട്ടോ ഉണ്ടെന്ന് ആരോപണം ഉന്നയിച്ചത്. സിപിഎമ്മിന്റേത് യഥാർഥ പ്രശ്നം മറയ്ക്കാനുള്ള ശ്രമമാണെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കൂടെ പോറ്റിയുടെ ഫോട്ടോ ഉണ്ടല്ലോ. എന്നാൽ പ്രതിപക്ഷം മുഖ്യമന്ത്രി സ്വർണക്കൊള്ളയിലെ പ്രതിയാണെന്ന് പറഞ്ഞോ? ഇങ്ങനെ പല ആളുകളും പലരുടെ കൂടെയും പോയ ഫോട്ടോ ഉണ്ടാകും. അത് അല്ല വിഷയം. ശബരിമലയിലെ സ്വർണം കൊള്ളയടിച്ച ആളുകൾ, എൽഡിഎഫ് അധികാരത്തിൽ ഇരിക്കുന്പോൾ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി ഇരുന്ന രണ്ട് പേരാണ് ജയിലിൽ കിടക്കുന്നത്.
ഇനിയും പല പ്രധാനപ്പെട്ട ആളുകളിലേക്കും അന്വേഷണം പോകണം. വൻ തോക്കുകൾ ഉണ്ടെന്ന് കോടതി തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു. ആ കൊള്ള മറച്ചുവയ്ക്കാൻ ഫോട്ടെയുടെ കാര്യം പറഞ്ഞിട്ട് എന്നതാണ് കാര്യം. പിണറായിയുടേത് വില കുറഞ്ഞ ആരോപണം ആണെന്നും സതീശൻ കൂട്ടിച്ചേർത്തു.
