കൊച്ചി: മാനവ വിഭവശേഷി വര്‍ധിപ്പിക്കാതെ ജോലി സമയം ദീര്‍ഘിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ).
സംസ്ഥാനത്തെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം ഏകപക്ഷീയമായി രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി നിലവിലുള്ള മാനവവിഭവശേഷിയില്‍ യാതൊരു വര്‍ധനവും വരുത്താതെയാണ് ജീവനക്കാരില്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന ഈ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
ഇത്തരമൊരു അപ്രായോഗികവും ന്യായരഹിതവുമായ നീക്കത്തെ സംഘടന ശക്തമായി എതിര്‍ക്കുന്നുവെന്ന് കെജിഎംഒഎ ജനറല്‍ സെക്രട്ടറി ഡോ. ജോബിന് ജി. ജോസഫ്, പ്രസിഡന്റ് ഡോ.പി.കെ. സുനില്‍ എന്നിവര്‍ അറിയിച്ചു.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ജോലിസാഹചര്യങ്ങളും ചുമതലകളും ഉള്ള സ്ഥാപനങ്ങളാണ് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍. ഇവിടെ ഉറപ്പാക്കേണ്ട ഏറ്റവും കുറഞ്ഞ മാനവവിഭവശേഷി സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല നിലവിലുള്ള സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ പുതുതായി ഒരു തസ്തിക പോലും സമീപകാലത്ത് സൃഷ്ടിക്കപ്പെട്ടിട്ടില്ല.
മൂന്ന് ഡോക്ടര്‍മാര്‍ മാത്രമുള്ള സ്ഥാപനങ്ങളില്‍ വൈകിട്ട് ആറു വരെ ഒപി സമയം ദീര്‍ഘിപ്പിക്കുന്നത് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും. ചാര്‍ജ് ഓഫീസര്‍ ഒഴികെയുള്ള രണ്ട് ഡോക്ടര്‍മാര്‍ക്ക് മാത്രമായിരിക്കും വൈകിട്ട് ആറു വരെയുള്ള ഒപി കൈകാര്യം ചെയ്യേണ്ടിവരിക. ഇതിന്റെ ഫലമായി രാവിലെ സമയങ്ങളില്‍ ഒരാള്‍ മാത്രം ഒപിയില്‍ സേവനമനുഷ്ഠിക്കേണ്ട അവസ്ഥ ഉണ്ടാകും.
രോഗീബാഹുല്യം മൂലം നേരത്തേ തന്നെ വീര്‍പ്പുമുട്ടുന്ന സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരേയൊരു ഡോക്ടര്‍ മാത്രം ഒപിയില്‍ ഉണ്ടാകുന്നത് വ്യാപകമായ അസംതൃപ്തിക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവയ്ക്കുന്നതോടൊപ്പം രോഗികള്‍ക്ക് ഗുണപരമായ ചികിത്സ ലഭിക്കുന്നതിലും ഗുരുതരമായ തടസങ്ങള്‍ സൃഷ്ടിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യമായ മാനവവിഭവശേഷി ഉറപ്പാക്കാതെയും നിലവിലുള്ള പരിമിതികള്‍ പരിഗണിക്കാതെയും ഏകപക്ഷീയമായി അപ്രായോഗിക തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അപ്രായോഗികമായ പുതുക്കിയ ഉത്തരവ് എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അമിതജോലിഭാരംമൂലം അര്‍ഹമായ അവധികള്‍ പോലും എടുക്കാന്‍ കഴിയാതെ സേവനം ചെയ്യുന്ന ഡോക്ടര്‍മാരില്‍ വീണ്ടും അധികസമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു നീക്കത്തെയും സംഘടന എന്തുവിലകൊടുത്തും ചെറുക്കുന്നതാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
