വീട് എന്ന സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിൽ നടൻ ദീപക് പറന്പോൽ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്.
അച്ഛന്റെ നാടായ അഴീക്കോടാണ് ഞാൻ വളർന്നത്. തറവാട്ടിലായിരുന്നു താമസം. എങ്കിലും സ്വന്തം വീടില്ലാത്തതിന്റേതായ സങ്കടങ്ങളുണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം ഒരു വീടെന്ന മോഹം യാഥാർഥ്യമാകുമെന്ന സാഹചര്യം വന്നപ്പോൾ ഞാൻ അമ്മയുടെ നാടായ പിലാത്തറയില്‍ മതിയെന്ന് തീരുമാനിച്ചു. എനിക്ക് വളരെ ഇഷ്ടമുള്ള കുട്ടിക്കാലത്ത് അവധി ദിനങ്ങൾ ചെലവഴിച്ച ഇടമാണ്. മനസിൽ കുറയേറെ നല്ല ഓർമകളുണർത്തുന്ന ഗ്രാമം.
2020 ലാണ് വസ്തു വാങ്ങിയത്. തൊട്ടടുത്ത വർഷം വീടിന്റെ പണി തുടങ്ങി വച്ചു. പിന്നീട് സാഹചര്യങ്ങളനുസരിച്ച് പതിയെപ്പതിയെ ഓരോരോ ഘട്ടങ്ങളായാണ് വീട് പണി പുരോഗമിച്ചത്. മൊത്തത്തിൽ ഒരാൾക്ക് കോൺട്രാക്ട് കൊടുക്കുകയായിരുന്നില്ല.
പലരെക്കൊണ്ടാണ് ചെയ്യിച്ചത്. എല്ലായ്പ്പോഴും ഞാൻ ഒപ്പം നിന്നിട്ടുണ്ട്. തടിയൊക്കെ പരമാവധി കുറച്ച് ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ ബജറ്റ് ഫ്രണ്ട്ലിയായാണ് നിർമാണം പൂർത്തിയാക്കിയത്. അങ്ങനെ നാല് വർഷത്തിനുശേഷം 2025 ഡിസംബർ ആറിന് പാലുകാച്ചൽ ചടങ്ങ് നടത്തിയത് എന്ന് ദീപക് പറന്പോൽ പറഞ്ഞു.
