തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് എഐസിസി സ്ക്രീനിംഗ് കമ്മിറ്റി ചെയര്മാന് മധുസൂദനന് മിസ്ത്രി അടുത്തയാഴ്ച കേരളത്തിലെത്തും. രണ്ട് ദിവസം അദ്ദേഹം തിരുവനന്തപുരത്ത് തങ്ങി കെപിസിസി നേതൃത്വവുമായി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടത്തും.
മിസ്ത്രിക്കു പുറമെ കേരളത്തിന്റെ നിരീക്ഷക ചുമതലയുള്ള നേതാക്കളും മിസ്ത്രിയോടൊപ്പം തിരുവനന്തപുരത്തെത്തുന്നുണ്ട്. ഈ മാസം അവസാന വാരത്തോടെ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി നിര്‍ണയ പട്ടിക പൂര്‍ത്തിയാക്കാനാണ് ഉദ്യേശിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
വയനാട്ടില്‍ സംഘടിപ്പിച്ച ലക്ഷ്യ 2026 ല്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളില്‍ വിജയിക്കാനുള്ള തന്ത്രങ്ങളാണ് മെനഞ്ഞത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കളെയും ഈ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്.
പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ അകന്നുനിന്നിരുന്ന ശശി തരൂര്‍ എംപിയും വയനാട് ക്യാമ്പില്‍ പങ്കെടുത്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാണെന്ന് ശശി തരൂര്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസ് നേതാക്കളും അണികളും സ്വാഗതം ചെയ്തിട്ടുണ്ട്.
ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജീവന്മരണ പോരാട്ടമാണെന്നും ഒറ്റക്കെട്ടായി നേതാക്കളെല്ലാവരും പാര്‍ട്ടിയുടെയും മുന്നണിയുടെയും വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നുമുള്ള അഭിപ്രായം എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.
ഈ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് മുതിര്‍ന്ന നേതാക്കളെ ഒപ്പംചേര്‍ത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും പ്രതിപക്ഷ നേതാവും വിജയത്തിനായി പുതിയ ഫോര്‍മുല തയാറാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.
