തൊടുപുഴ: സ്ഥിരം ജീവനക്കാരുടെ ജോലി കൂടി ചെയ്യാനാവശ്യപ്പെട്ട് ഉത്തരവ് നല്‍കിയതിനു പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച തൊടുപുഴ ജില്ലാ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയുടെ നില ഗുരുതരമായി തുടരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിട്ടില്ല. 48 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമെ കൂടുതല്‍ പറയാന്‍ കഴിയുകയുള്ളുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
വേദനസംഹാരി ഗുളികകള്‍ അമിതമായി കഴിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് യുവതി എഴുതിയ കത്തും കണ്ടെത്തിയിട്ടുണ്ട്.ജില്ലാ ആശുപത്രിയിലെ എച്ച്എംസി ജീവനക്കാരിയായ തൊടുപുഴ സ്വദേശിനിയാണ് അമിതമായി വേദനസംഹാരി ഗുളിക കഴിച്ച് അവശനിലയിലായത്. ഇവരെ ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
പത്തുവര്‍ഷമായി ഇവിടെ താത്കാലിക ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ഉച്ചയ്ക്ക് ഓഫീസില്‍ വിളിച്ചു വരുത്തി ഉത്തരവ് കൈമാറുകയായിരുന്നു.പതിവായി ചെയ്തിരുന്ന ജോലിക്കു പുറമെ സ്ഥിരം ജീവനക്കാര്‍ ചെയ്യുന്ന ഏറെ ഉത്തരവാദിത്തമുള്ള ജോലി കൂടി ഇവര്‍ക്കു നല്കി. കൂടാതെ വീഴ്ച വന്നാല്‍ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.
ഇത് വായിച്ചുനോക്കിയ ശേഷം ആശുപത്രി അധികൃതര്‍ക്കു കത്തെഴുതിവച്ചാണ് ഇവര്‍ ആത്മഹത്യയ്ക്കുശ്രമിച്ചത്. ഓഫീസിലെ തന്നെ മറ്റു ചില ജീവനക്കാരുമായി ഇവര്‍ക്ക് അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരത്തിലൊരു ഉത്തരവ് നല്‍കിയതെന്നാണ് ആരോപണം. യുവതി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷമേ കേസെടുക്കാനാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
