ന്യൂഡൽഹി: മണിപ്പുരിലെ കുക്കി- സോ ഗോത്രവിഭാഗങ്ങൾക്കായി നിയമസഭയോടുകൂടിയ പ്രത്യേക കേന്ദ്രഭരണ പ്രദേശം അനുവദിക്കുന്നതിന് രേഖാമൂലം ഉറപ്പു കിട്ടിയശേഷമേ പുതിയ സർക്കാർ രൂപീകരണത്തോടു സഹകരിക്കുകയുള്ളൂവെന്ന് ഏഴു ബിജെപിക്കാരടക്കം പത്ത് കുക്കി എംഎൽഎമാർ. അടുത്ത വർഷം മാർച്ചിൽ നിയമസഭയുടെ കാലാവധി അവസാനിക്കും.
കുക്കി ഭൂരിപക്ഷ മലയോര ജില്ലകൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ചുരാചന്ദ്പുരിലും മോറെയിലും തെംഗ്നോപാലിലുമടക്കം ഇന്നലെ നടന്ന റാലികളിൽ പതിനായിരങ്ങൾ പങ്കെടുത്തു. കുക്കി എംഎൽഎമാരും ഗോത്രസംഘടനകളായ കുക്കി സോ കൗണ്സിലും ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം നേതാക്കളും വീട്ടമ്മമാരും പങ്കെടുത്ത റാലിയിൽ പ്രത്യേക ഭരണപ്രദേശമെന്ന ആവശ്യമുയർത്തി പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമുണ്ടായി.
ജില്ലാ ആസ്ഥാനമായ ചുരാചന്ദ്പുർ നഗരത്തിൽ നാലു കിലോമീറ്റർ നീണ്ട ശക്തി പ്രകടനമാണ് കുക്കികൾ നടത്തിയത്. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിനുമുന്പായി കുക്കികൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശമെന്ന ആവശ്യം കേന്ദ്രം നിറവേറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഗോ ഹട്ടിയിൽ ചൊവ്വാഴ്ച നടന്ന കുക്കി ഗോത്രനേതാക്കളുടെയും എംഎൽഎ മാരുടെയും യോഗം പാസാക്കി. വ്യക്തമായ ഉറപ്പുകൾ നൽകുന്നതുവരെ പുതിയ സർക്കാർ രൂപവത്കരണ പ്രക്രിയയിൽനിന്നു വിട്ടുനിൽക്കാനും നേതൃയോഗം തീരുമാനിച്ചു.
കുക്കി-സോ നേതാക്കളും കേന്ദ്രസർക്കാരുമായി സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (എസ്ഒഒ) കരാർ ഒപ്പിട്ട ഗ്രൂപ്പുകളും യോഗത്തിൽ പങ്കെടുത്തു. മെയ്തെയ് ഭൂരിപക്ഷ ബിജെപി സർക്കാരിൽനിന്നു സംരക്ഷണം കിട്ടില്ലെന്ന് ഉറപ്പായതിനാൽ കുക്കികൾക്കായി പ്രത്യേക സ്വയംഭരണ പ്രദേശം വേണമെന്നു ബിജെപിക്കാരായ ഏഴു പേർ ഉൾപ്പെടെ പത്ത് കുക്കി-സോ എംഎൽഎമാർ 2023 മേയ് 12ന് ആദ്യമായി ആവശ്യപ്പെട്ടിരുന്നു.
2023 മേയ് മൂന്നിന് മണിപ്പുരിൽ വംശീയ കലാപം തുടങ്ങി ഒരാഴ്ച കഴിഞ്ഞായിരുന്നു കുക്കി എംഎൽഎമാർ ഒപ്പുവച്ച പ്രസ്താവനയുണ്ടായത്. തലസ്ഥാനമായ ഇംഫാലിൽ പിന്നീട് നടന്ന നിയമസഭാസമ്മേളനങ്ങൾ പത്തുപേരും ബഹിഷ്കരിച്ചു.2024 ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ പുതിയ സർക്കാർ രൂപീകരണത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ഡിസംബർ 30ന് കുക്കി ഗോത്രനേതാക്കൾ വ്യക്തമാക്കിയിരുന്നു.
നിയമനിർമാണ സഭയുള്ള കേന്ദ്രഭരണ പ്രദേശത്തിനായുള്ള ആവശ്യം ഔദ്യോഗികമായി സമർപ്പിച്ചശേഷം മണിപ്പുർ സർക്കാരിൽ ചേരുന്നതിൽ യുക്തിയില്ലെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പ്രത്യേക കേന്ദ്രഭരണ പ്രദേശം മാത്രമാണ് മണിപ്പുരിലെ അശാന്തിക്കുള്ള രാഷ്ട്രീയപരിഹാരമെന്ന് കുക്കി ഗോത്രവിഭാഗങ്ങൾ കരുതുന്നു.
രണ്ടേമുക്കാൽ വർഷം; പരിഹാരം അകലെ
രണ്ടേമുക്കാൽ വർഷം പിന്നിട്ട മണിപ്പുർ കലാപത്തിന് പരിഹാരം വീണ്ടും അകലുന്നു. 2027 മാർച്ചിൽ നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന മണിപ്പുരിൽ പുതിയ സർക്കാർ രൂപീകരണശ്രമങ്ങളും വഴിമുട്ടി. കഴിഞ്ഞ വർഷം ഫെബ്രുവരി 13 മുതൽ രാഷ്ട്രപതിഭരണത്തിലുള്ള സംസ്ഥാനത്തെ ഭൂരിപക്ഷ മെയ്തെയ്കൾക്കും ന്യൂനപക്ഷമായ കുക്കി ഗോത്രജനതയ്ക്കും നഷ്ടമായ പരസ്പരവിശ്വാസം പുനഃസ്ഥാപിക്കാൻ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല,
കുക്കി ഭൂരിപക്ഷ ജില്ലകളെ ഉൾപ്പെടുത്തി പ്രത്യേക കേന്ദ്രഭരണപ്രദേശമെന്ന ഗോത്രനേതാക്കളുടെയും എംഎൽഎമാരുടെയും ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്രസർക്കാരും ബിജെപിയും സൂചിപ്പിച്ചു. മണിപ്പുരിന്റെ ഐക്യവും അഖണ്ഡതയും പ്രധാനമാണെന്ന് മെയ്തെയ് നേതാക്കൾ പറയുന്നു.
- ജോർജ് കള്ളിവയലിൽ
