ഹരിപ്പാട്: കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന കൈക്കുഞ്ഞടക്കമുള്ളവർ അത്ഭുതകരമായ രക്ഷപ്പെട്ടു. ഞായറാഴ്ച പാനൂർ വാട്ടർടാങ്ക് ജംഗ്ഷന് കിഴക്ക് ഒതളപ്പറമ്പ് ഭാഗത്തായിരുന്നു അപകടം.
ഇടയാടിയിൽ വീട്ടിൽ സുധീറും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇടതുഭാഗത്തുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഭാര്യ സുലു, മക്കളായ റയാ ഫാത്തിമ (6), റയാൻ (ആറുമാസം) എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസി ഡോർ തുറന്ന് നാലു പേരെയും പുറത്തെടുക്കുകയായിരുന്നു. തോട്ടിൽ കാര്യമായി വെള്ളമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിസാര പരിക്കുകൾ പറ്റിയ നാലുപേരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കാർ പൂർണമായും തകർന്നു.
