തെന്നിന്ത്യൻ സിനിമയിലെ പുത്തൻ താരോദയമാണ് മീനാക്ഷി ചൗധരി. 2019ൽ ഹിന്ദി സിനിമയായ അപ്സ്റ്റാർട്ട്സിൽ ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് നടിയുടെ രണ്ടാമത്തെ സിനിമ സംഭവിച്ചത് രണ്ട് വർഷങ്ങൾ കൂടി കഴിഞ്ഞശേഷം തെലുങ്കിലായിരുന്നു. നായിക വേഷമായിരുന്നില്ല. സപ്പോർട്ടിങ് റോളായിരുന്നു. 2023ൽ വിജയ് ആന്റണി സിനിമ കൊലൈയിലൂടെയാണ് മീനാക്ഷി തമിഴിൽ അരങ്ങേറുന്നത്.
ശേഷം വിജയ്യുടെ ഗോട്ടിൽ നായിക വേഷം ചെയ്തു. സൗത്ത് ഇന്ത്യയിൽ നടി ശ്രദ്ധ നേടിയത് ഗോട്ടിൽ അഭിനയിച്ചശേഷമാണ്.
സിനിമയിലെ പാട്ടുകളും മീനാക്ഷിയുടെ ഡാൻസുമെല്ലാം വൈറലായിരുന്നു. ഗോട്ടിനുശേഷം ദുൽഖർ സൽമാന്റെ ഹിറ്റ് ചിത്രം ലക്കി ഭാസ്കറിൽ നായികയായി. അഭിനേത്രി എന്ന രീതിയിൽ മീനാക്ഷി അംഗീകരിക്കപ്പെട്ടു തുടങ്ങിയത് ഗോട്ടിന്റെയും ലക്കി ഭാസ്കറിന്റെയും റിലീസിനുശേഷമാണ്. വെബ് സീരിസുകളിലും സജീവമായ നടി നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് വിവിധ ടൈറ്റിലുകൾ നേടിയിട്ടുണ്ട്.
പേരും പ്രശസ്തിയും ഉണ്ടാകുന്നതിനു മുമ്പ് താൻ കടന്നുപോയ വഴികളെക്കുറിച്ച് മനസ് തുറക്കുകയാണു മീനാക്ഷി ചൗധരി. 1997ൽ ഹരിയാനയിലാണ് നടി ജനിച്ചത്. താരത്തിന്റെ അച്ഛൻ ആർമിയിൽ കേണലായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് തനിക്ക് ലഭിച്ച വിമർശനങ്ങളെ കുറിച്ചും ബോഡി ഷെയ്മിങ് തന്നെ എങ്ങനെ ബാധിച്ചുവെന്നും നടി തുറന്നുപറഞ്ഞത്. “ഞാൻ ജനിച്ചതും വളർന്നതും ഹരിയാനയിലെ ഒരു ഗ്രാമത്തിലാണ്. അവിടെയുള്ള ആളുകൾ എന്റെ നിറത്തെയും സൗന്ദര്യത്തെയും നിരന്തരം വിമർശിച്ചിരുന്നു.
എന്റെ രൂപം കണ്ട് ആരും എന്നെ വിവാഹം കഴിക്കില്ലെന്നു പറഞ്ഞ് ഒരുപാടു കളിയാക്കുകയും ചെയ്തു. ആ വിമർശനങ്ങൾ എന്നെ വേദനിപ്പിച്ചു. നിരന്തരം കളിയാക്കലുകൾ നേരിടേണ്ടി വന്നപ്പോൾ വിമർശനങ്ങളെ നേട്ടങ്ങളാക്കി മാറ്റാൻ ഞാൻ ഒരു ഡോക്ടറാകാൻ ആഗ്രഹിച്ചു. അതിനായി പ്രയത്നിച്ചു. മാത്രമല്ല എന്റെ കഴിവു തെളിയിക്കാനായി ഞാൻ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു.
വിജയിച്ചതിനുശേഷം നേരെ പോയത് ഞാൻ അതുവരെ താമസിച്ചുവന്നിരുന്ന ഗ്രാമത്തിലേക്കാണ്. അവിടെയുള്ള ആളുകൾ പഴയകാല ചിന്താഗതിയും ജീവിത രീതിയും പിൻതുടരുന്നവരാണ്. മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തതിനും അവർ എന്നെ വിമർശിക്കുകയും അതൊരു മോശം തൊഴിലാണെന്നു പറയുകയും ചെയ്തു. മാത്രമല്ല ബിക്കിനി ധരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് എല്ലാവരും എന്നെ എതിർത്തു. എന്നാൽ ഇപ്പോൾ ഞാൻ ഒരുപാട് മാറിയിരിക്കുന്നു.
ഗ്രാമത്തിലും മാറ്റം സംഭവിച്ചു. ഇപ്പോൾ അവർ എന്നെ വളരെയധികം ബഹുമാനിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു- മീനാക്ഷി വ്യക്തമാക്കി. 2018ൽ മിസ് ഫെമിന ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത നടി മിസ് ഗ്രാൻഡ് ഇന്ത്യ കിരീടം നേടിയിരുന്നു. മിസ് ഗ്രാൻഡ് ഇന്റർനാഷണലിൽ ഫസ്റ്റ് റണ്ണറപ്പുമായിരുന്നു. നാഷണൽ ദന്തൽ കോളേജിൽ നിന്ന് ദന്തൽ സർജറിയിൽ ബിരുദവും നേടിയിട്ടുണ്ട്.
