പരവൂർ: സംസ്ഥാനത്തെ രണ്ട് ട്രെയിൻ സർവീസുകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ അധിക സ്റ്റോപ്പുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. അമൃത എക്സ്പ്രസ്, മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് പുതിയ സ്റ്റോപ്പുകൾ ലഭിച്ചത്. ഫെബ്രുവരി 20 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
രാമേശ്വരം-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16344) തിരുവല്ല റെയിൽവേ സ്റ്റേഷനിലാണ് അധിക സ്റ്റോപ്പ് അനുവദിച്ചത്. രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 01.32-ന് തിരുവല്ലയിലെത്തി 01.33-ന് പുറപ്പെടും. തിരുവനന്തപുരം-രാമേശ്വരം അമൃത എക്സ്പ്രസിന് (16343) നിലവിൽ തിരുവല്ലയിൽ സ്റ്റോപ്പുണ്ട്.
തിരുവനന്തപുരം-മംഗളൂരു സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസിനാണ് (16347/16348) മയ്യനാട് റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് അനുവദിച്ചത്. തിരുവനന്തപുരത്ത്നിന്ന് മംഗളൂരുവിലേക്ക് പോകുന്ന ട്രെയിൻ രാത്രി 10.00-ന് മയ്യനാട്ടെത്തി 10.01ന് പുറപ്പെടും. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിൻ പുലർച്ചെ 02.28ന് മയ്യനാട്ടെത്തി 02.29ന് യാത്ര തുടരും. ദീർഘദൂര യാത്രക്കാർക്കും മയ്യനാട്, തിരുവല്ല ഭാഗങ്ങളിലുള്ളവർക്കും പുതിയ തീരുമാനം ഏറെ ഗുണകരമാകും.
