പരവൂർ: രാജ്യത്ത് ദീർഘദൂര ട്രെയിനുകളിൽ നിന്ന് എൽഎച്ച്ബി കോച്ചുകൾ ഒഴിവാക്കി പകരം അമൃത് ഭാരത് റേക്കുകൾ ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. ഘട്ടം ഘട്ടമായി ഈ മാറ്റം നടപ്പിൽ വരുത്താനാണ് റെയിൽ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്.പരമ്പരാഗതമായി ഇപ്പോൾ ഉപയോഗിച്ച് വരുന്ന കോച്ചുകൾ നിർത്തലാക്കി പുതിയ തലമുറ അമൃത് ഭാരത് മൂന്നാം പതിപ്പ് റേക്കുകളായിരിക്കും ഉൾപ്പെടുത്തുക.
എയർ കണ്ടീഷൻ ചെയ്തതും അല്ലാതതുമായ കോച്ചുകൾ ഇതിൽ ഉൾപ്പെടുത്തും. സ്റ്റാൻഡാർഡ് എൽഎച്ച്ബി ഫോർമേഷനുകളിൽ നിന്ന് വ്യത്യസ്ഥമായി അമൃത് ഭാരത് ട്രെയിനുകൾ രണ്ടറ്റത്തും ലോക്കോമോട്ടീവുകൾ ഉൾപ്പെടുത്തിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഈ റേക്കുകൾക്ക് മണിക്കൂറിൽ 130 കിലോമീറ്ററും അതിൽ കൂടുതലും വേഗതയിൽ ഓടാൻ കഴിയും എന്നതാണ് ഏറ്റവും വലിയ സവിശേഷത.
നേരത്തേ പുറത്തിറക്കിയ അമൃത് ഭാരത് ട്രെയിനുകളുടെ ഒന്നും രണ്ടും പതിപ്പുകൾ പൂർണമായും നോൺ ഏസി കോച്ചുകൾ മാത്രമായിരുന്നു. എന്നാൽ ഇപ്പോഴത്തെ മൂന്നാം പതിപ്പിൽ അപ്ഗ്രേഡ് ചെയ്ത് ഏസി, സ്ലീപ്പർ, ജനറൽ ക്ലാസ് കോച്ചുകൾ ഒരേ ഫോർമേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് (ഐസിഎഫ് ) നവീകരിച്ച അമൃത് ഭാരത് റേക്കുകൾ നിർമിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തിട്ടുള്ളത്.
അമൃത് ഭാരത് ട്രെയിനിന്റെ ഏഴ് മൂന്നാം പതിപ്പ് റേക്കുകൾ നിർമിക്കുന്നതിനുള്ള ഓർഡർ നിലവിൽ ഐസിഎഫിന് ലഭിച്ചിട്ടുണ്ട്. ഇതിൽ രണ്ട് റേക്കുകളുടെ നിർമാണം ഏപ്രിൽ അവസാനത്തിന് മുമ്പ് പൂർത്തീകരിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്.നിർമാണം പൂർത്തിയായി കഴിഞ്ഞാൽ പ്രൊട്ടോടൈപ്പ് റേക്കുകൾ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡാർഡ്സ് ഓർഗനൈസേഷന്റെ പരിശോധനയ്ക്ക് വിധേയമാക്കും.
കർശനമായ സുരക്ഷാപരീക്ഷണങ്ങൾ അടക്കം വിജയകരമായി പൂർത്തിയാക്കിയ ശേഷമായിരിക്കും ഇത് കൈമാറുക. പിന്നീട് തറയിൽവേ ബോർഡ് തീരുമാനിക്കുന്ന റൂട്ടുകളിൽ ഇവ സർവീസ് നടത്തും.ഇത് കൂടാതെ അടുത്ത ഘട്ടത്തിൽ 50 അമൃത് ഭാരത് റേക്കുകളുടെ നിർമാണം കൂടി ഐസിഎഫിനെ ഏൽപ്പിക്കാൻ റെയിൽ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിൽ 27 അമൃത് ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.
- എസ്.ആർ. സുധീർ കുമാർ
