തൃശൂർ: വീണ്ടും ‘ചെറ്റത്തരം’ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയലാഭത്തിനുവേണ്ടി ആർഎസ്എസുമായി സന്ധിചെയ്യുന്ന രാഷ്ട്രീയ ചെറ്റത്തരം തങ്ങൾക്കില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഇന്നലെ പിണറായി വിജയന്റെ മറുപടി. തൃശൂരിൽ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
ആർഎസ്എസുമായി ചേർന്നു മത്സരിച്ചെന്ന സതീശന്റെ ആരോപണം ശുദ്ധ അസംബന്ധമാണ്. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലംമുതൽ ആർഎസ്എസിന്റെ പ്രധാന ലക്ഷ്യം താനായിരുന്നുവെന്ന് കണ്ണൂരിലെ എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വോട്ടിനും സീറ്റിനുംവേണ്ടി എന്തു രാഷ്്ട്രീയനാടകവും കളിക്കുന്ന പാരമ്പര്യം തങ്ങൾക്കില്ല. ഇഎംഎസിനെ തോൽപ്പിക്കാൻ ജനസംഘവുമായി കൈകോർത്തതു കോൺഗ്രസാണ്. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷപരാമർശങ്ങളെയും മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു.
