പരവൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐI) ഡിജിറ്റൽ ബാങ്കിംഗ് ആപ്പായ യോനോ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ് സജീവമാകുന്നു.ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ യോനോ ആപ്പ് ബ്ലോക്ക് ചെയ്യപ്പെടുമെന്ന തരത്തിൽ പ്രചരിക്കുന്ന വൈറൽ സന്ദേശങ്ങൾ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. പഴ്സണൽ ഡാറ്റ ചോർത്താനുള്ള തട്ടിപ്പുകാരുടെ നീക്കമാണിതെന്ന് ഫാക്ട് ചെക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നതായും അധികൃതർ സൂചിപ്പിച്ചു.
തട്ടിപ്പിന്റെ രീതി ഇങ്ങനെ:
ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഒരു പ്രത്യേക എപികെ ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനാണ് സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. ഇത് ചെയ്തില്ലെങ്കിൽ ബാങ്കിംഗ് സേവനങ്ങൾ നിയന്ത്രിക്കുമെന്നും സന്ദേശം ഭീഷണിപ്പെടുത്തുന്നു. എന്നാൽ ഇത്തരം ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി ഫോണിലെ വിവരങ്ങൾ ചോർത്താനും ബാങ്ക് അക്കൗണ്ട് കൈക്കലാക്കാനുമാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി എസ്ബിഐ ഒരിക്കലും ഉപയോക്താക്കളോട് എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ, ആധാർ വിവരങ്ങൾ ലിങ്ക് വഴിയോ ഫോണിലൂടെയോ പങ്കുവയ്ക്കാനോ ആവശ്യപ്പെടില്ല. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും സ്ഥിരീകരിക്കാത്ത ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും ഒഴിവാക്കണമെന്ന് ബാങ്ക് നിർദേശിച്ചു.
ബാങ്കിംഗ് അപ്ഡേറ്റുകൾക്കായി എപ്പോഴും ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റോ പ്ലേസ്റ്റോറിൽ നിന്നുള്ള യോനോ ആപ്പോ മാത്രം ഉപയോഗിക്കുക.ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ സംശയാസ്പദമായ സന്ദേശങ്ങളോ ഇമെയിലുകളോ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ report.phishing@ sbi.co.in എന്ന വിലാസത്തിൽ ബാങ്കിനെ അറിയിക്കണം.
ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുന്നതും സൈബർ ശുചിത്വം പാലിക്കുന്നതും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണന്ന് ഈ രംഗത്ത വിദഗ്ധർ ഓർമിപ്പിക്കുന്നു.
