പരവൂർ: റെയിൽവേ സുരക്ഷാ രംഗത്ത് അത്യാധുനിക സാങ്കേതികവിദ്യയും വനിതാ ശാക്തീകരണവും കോർത്തിണക്കി ദക്ഷിണ മധ്യ റെയിൽവേയുടെ പുത്തൻ ചുവടുവയ്പ്പ്. ഹൈദരാബാദിലെ എംഎംടിഎസ് (മൾട്ടി മോഡൽ ട്രാൻസ്പോർട്ട് സിസ്റ്റം) ട്രെയിനുകളിൽ സുരക്ഷ ഉറപ്പാക്കാൻ ഡ്രോണുകളുടെ സഹായത്തോടെയുള്ള “പിങ്ക് പട്രോൾ’ പദ്ധതിക്കു തുടക്കമായി. പൂർണമായും വനിതകൾ നയിക്കുന്നു എന്നതാണ് ഈ സുരക്ഷാ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.
ട്രെയിനുകൾ, പ്ലാറ്റ്ഫോമുകൾ, തിരക്കേറിയ മറ്റ് റെയിൽവേ പരിസരങ്ങൾ എന്നിവിടങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തും. തെർമൽ സെൻസറുകൾ, നൈറ്റ് വിഷൻ സംവിധാനം, ഹൈഡെഫനിഷൻ കാമറകൾ എന്നിവ ഘടിപ്പിച്ച ഡ്രോണുകൾ തത്സമയ ദൃശ്യങ്ങൾ റെയിൽവേ കൺട്രോൾ റൂമിലേക്ക് കൈമാറും. ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അതിക്രമിച്ച് കയറുന്നവരെയും അനാവശ്യ പ്രവണതകൾ കാണിക്കുന്നവരെയും കണ്ടെത്താൻ ഇത് സഹായിക്കും.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് ഡിജിസിഎ അംഗീകാരമുള്ള വനിതാ ഡ്രോൺ പൈലറ്റുമാർ സുരക്ഷാ പ്രവർത്തനങ്ങളുടെ മുൻനിരയിലേക്ക് എത്തുന്നത്. പുരുഷാധിപത്യം നിലനിൽക്കുന്ന സുരക്ഷാ-സാങ്കേതിക മേഖലകളിൽ വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഡ്രോൺ പറത്തുന്നതിലും നിരീക്ഷണ രീതികളിലും പ്രത്യേക പരിശീലനം ലഭിച്ച വനിതാ ഉദ്യോഗസ്ഥരാണ് പിങ്ക് പട്രോളിനെ നയിക്കുന്നത്.
ഡ്രോൺ നിരീക്ഷണത്തിന് പുറമെ യാത്രക്കാർക്ക് നേരിട്ട് പരാതി നൽകാൻ “ശക്തി സാത്തി’ എന്ന വാട്സ് ആപ് പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ലഭിക്കുന്ന പരാതികളിൽ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ഉടൻ ഇടപെടും. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ ലേഡീസ് കോച്ചുകളിലെ അതിക്രമങ്ങൾ ഉൾപ്പെടെ 61 നിയമലംഘനങ്ങൾ ഡ്രോണുകൾ വഴി കണ്ടെത്താൻ സാധിച്ചു.
പദ്ധതി വിജയിച്ചതോടെ ഹൈദരാബാദിലെ മുഴുവൻ എംഎംടിഎസ് ശൃംഖലയിലേക്കും പിങ്ക് പട്രോൾ വ്യാപിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. ഇതുകൂടാതെ ഡ്രോൺ നിരീക്ഷണം രാജ്യത്തെ എല്ലാ സോണുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികളും റെയിൽ മന്ത്രാലയം ഇതിനകം ആരംഭിച്ച് കഴിഞ്ഞു.
എസ്. ആർ. സുധീർ കുമാർ
