പരവൂർ: ആഗോളവിപണിയിലെ കടുത്ത വെല്ലുവിളികളെയും അമേരിക്കൻ ഇറക്കുമതി തീരുവയിലെ അനിശ്ചിതത്വങ്ങളെയും അതിജീവിച്ച് ഇന്ത്യൻ ടെക്സ്റ്റൈൽ (വസ്ത്ര) മേഖലയ്ക്ക് കരുത്തുറ്റ മുന്നേറ്റം.2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ടെക്സ്റ്റൈൽ കയറ്റുമതിയിൽ 2.1 ശതമാനം വളർച്ച രേഖപ്പെടുത്തി.
ആകെ 3.16 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഈ മേഖലയിലൂടെ ഇന്ത്യ നേടിയതെന്ന് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.കയറ്റുമതി വരുമാനത്തിൽ സിംഹഭാഗവും സംഭാവന ചെയ്തത് റെഡിമെയ്ഡ് വസ്ത്ര വിഭാഗമാണ്. മുൻ വർഷം 1,35,427 കോടി രൂപയായിരുന്ന ഈ വിഭാഗത്തിലെ വരുമാനം കഴിഞ്ഞ വർഷം 1,39,349 കോടി രൂപയായി ഉയർന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഇരട്ട തീരുവ യുഎസ് വിപണിയിലേക്കുള്ള കയറ്റുമതിയെ ബാധിച്ചെങ്കിലും, മറ്റ് രാജ്യങ്ങളിലേക്കുള്ള വിപണി വൈവിധ്യവൽക്കരണമാണ് ഇന്ത്യക്ക് തുണയായത്.കഴിഞ്ഞ സാമ്പത്തിക വർഷം ലോകത്തെ 120 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വസ്ത്രങ്ങൾ കയറ്റി അയച്ചത്. പ്രധാന വിപണികളായ യുഎഇ (22.3%), യുകെ (7.8%), ജർമനി (9.9%), ജപ്പാൻ (20.6%), ഈജിപ്ത് (38.3%) എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിൽ ഗണ്യമായ വർധനയുണ്ടായി. വിവിധ രാജ്യങ്ങളുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകൾ ഈ നേട്ടത്തിന് പിന്നിൽ നിർണായകമായി.
തീരുവ വർധന മൂലം പ്രതിസന്ധിയിലായിരുന്ന തിരുപ്പൂരിലെയും സൂറത്തിലെയും വസ്ത്ര നിർമാണ യൂണിറ്റുകൾ ഇപ്പോൾ സജീവമായിട്ടുണ്ട്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറുകൾ പൂർണതോതിൽ പ്രാവർത്തികമാകുന്നതോടെ വരും വർഷങ്ങളിൽ കയറ്റുമതിയിൽ കൂടുതൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് വ്യവസായ രംഗത്തെ വിലയിരുത്തൽ. സർക്കാർ നൽകുന്ന ശക്തമായ പിന്തുണയും ആഗോള വിപണിയിലെ ആവശ്യകതയുമാണ് ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായത്തിന് കരുത്തേകുന്നത്.
- എസ്. ആർ. സുധീർ കുമാർ
