തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പദത്തില്‍ ഹൈക്കമാന്‍ഡ് കൂടിയാലോചന തുടങ്ങി. ജനങ്ങള്‍ നല്കിയ ചരിത്ര വിജയത്തിന്റെ പകിട്ട് നഷ്ടപ്പെടാത്ത വിധത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. എഐസിസി നിരീക്ഷകര്‍ രണ്ട് ദിവസത്തിനകം കേരളത്തിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരുമായും എംപിമാരുമായും അഭിപ്രായം ആരായും. ഈ അഭിപ്രായങ്ങള്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയെയും രാഹുല്‍ ഗാന്ധിയെയും അറിയിക്കും.
അന്തിമ തീരുമാനം ഇരുവരും കൈക്കൊള്ളുന്ന വിധത്തിലാണ് നിലവിലെ ധാരണ. പരസ്യ അഭിപ്രായങ്ങളും അനാവശ്യ വിവാദങ്ങളും ഉണ്ടാകാത്ത വിധത്തില്‍ സമവായത്തിലുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. അടുത്തയാഴ്ച മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടത്തുന്ന വിധത്തില്‍ വേഗത്തില്‍ കാര്യങ്ങള്‍ നടത്താനാണ് ഉദ്ദ്യേശിക്കുന്നത്.
രമേശ് ചെന്നിത്തല, വി.ഡി. സതീശന്, കെ.സി .വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നത്. നമ്പര്‍ മാത്രം നോക്കി തീരുമാനിക്കാകുന്ന വിഷയമല്ല മുഖ്യമന്ത്രി പദമെന്നാണ് വി.ഡി. സതീശനെ അനുകുലിക്കുന്ന നേതാക്കളുടെ അഭിപ്രായം. കോണ്‍ഗ്രസിലെ 63 എംഎല്‍എമാരില്‍ 35 പേരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരാണെന്നാണ് കെ.സി പക്ഷം അവകാശപ്പെടുന്നത്.
മുഖ്യമന്ത്രിപദത്തില്‍ സീനിയോറിറ്റി പ്രധാന ഘടകമാണെന്നാണ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സമവായമുണ്ടാക്കിയ ശേഷം ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച ചെയ്യും. അതേ സമയം തെരഞ്ഞെടുപ്പിലെ വിജയത്തിന് വി.ഡി. സതീശന് നല്ല കഠിനാധ്വാനം ചെയ്തുവെന്നാണ് മുസ്ലിംലീഗ് വ്യക്തമാക്കിയത്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് നേതാക്കളുടെയും ഗുണങ്ങള്‍ ഇപ്രകാരമാണ്. തെരഞ്ഞടുപ്പിലെ വിജയശില്‍പ്പിയായി പറയുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ്. അനുഭവസമ്പത്തും പൊതുസമ്മതിയും അനുനയവും കൈമുതലാക്കിയ നേതാവെന്ന പേരുള്ളത് രമേശ് ചെന്നിത്തലയ്ക്കാണ്.
ഹൈക്കമാന്‍ഡിന്റെയും രാഹുല്‍ ഗാന്ധിയുടെയും വിശ്വസ്തനും പാര്‍ട്ടിയിലെ കരുത്തനുമായ നേതാവ് കെ.സി. വേണുഗോപാലാണ്. നിലപാടില്‍ വെള്ളം ചേര്‍ക്കാത്, കര്‍ശനമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന നേതാവാണ് വി.ഡി. സതീശന്.എന്നാല്‍ ചില സാമുദായിക നേതാക്കളുടെ നിലപാടിനോട് യോജിക്കാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹത്തോട് ചില സാമുദായി നേതാക്കള്‍ക്ക് നീരസമുണ്ട്. വി.ഡി. സതീശന് ഇതുവരെക്കും മന്ത്രിയെന്ന ചുമതല വഹിച്ചിട്ടില്ല.
രമേശ് ചെന്നിത്തല കെഎസ് യുവിലുടെ രംഗത്തുവന്ന് കെപിസിസി പ്രസിഡന്റ് , മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവ പരിചയമുണ്ട്. കെ.സി. വേണുഗോപാല്‍ ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനും മുന്‍മന്ത്രി, കേന്ദ്രമന്ത്രി എന്നി നിലകളില്‍ പ്രവര്‍ത്തിക്കുകയും എഐസിസി ജനറല്‍ സെക്രട്ടറി പദവി വഹിക്കുകയും ചെയ്യുകയാണ്.
കെ.സി വേണുഗോപാലാണ് മുഖ്യമന്ത്രിയെന്നുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളിലാണ് കെസിയെ അനുകൂലിച്ചുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്. വി.ഡി. സതീശനെ അനുകൂലിച്ചുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
- എം.സുരേഷ്ബാബു
