ചെന്നൈ: സിനിമയേക്കാൾ മാസ്കാട്ടി തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ്യുടെ സത്യപ്രതിജ്ഞ. ആണ്ടവൻ മീതെ ആണയിട്ടായിരുന്നു വിജയ്യുടെ സത്യപ്രതിജ്ഞ. സി ജോസഫ് വിജയ് എന്ന ഞാൻ എന്ന് തുടങ്ങി പേപ്പറിൽ നോക്കാതെ സത്യപ്രതിജ്ഞാ വാചകം ചൊല്ലിയത് കാണികൾക്കിടയിൽ ആവേശം ജ്വലിപ്പിച്ചു. സിനിമയിലെ തന്റെ സ്ഥിരം പഞ്ച് ഡയലോഗുകൾ പോലെ പതിനായിരങ്ങളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചായിരുന്നു സത്യപ്രതിജ്ഞ.
വിജയ്യ്ക്കൊപ്പം മറ്റ് ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തരം ഉൾപ്പെടെയുള്ള വകുപ്പുകൾ വിജയ് കൈവശം വയ്ക്കും.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് വീക്ഷിക്കാൻ മാതാപിതാക്കളും സുഹൃത്ത് തൃഷയും എത്തിയിരുന്നു. 1967-ന് ശേഷം ദ്രാവിഡ പാർട്ടികളായ ഡിഎംകെക്കും എഐഎഡിഎംകെക്കും പുറത്ത് നിന്ന് തമിഴ്നാട് ഭരിക്കുന്ന ആദ്യ നേതാവായി വിജയ് മാറും.
