വടക്കഞ്ചേരി: പ്രാണഭീതിയോടെ വേണം ഈ പാലം കടക്കാൻ. ചെറിയൊരു അശ്രദ്ധയോ പേടിയോ ഉണ്ടായാൽ പുഴയിലേക്കു വീഴും. താങ്ങാകാൻ കൈവരികൾപോലുമില്ല.ബലക്ഷയത്തിൽ പാലംതന്നെ ആടിയുലയുന്ന സ്ഥിതിയിലാണ്.
വണ്ടാഴി പഞ്ചായത്തിനേയും കിഴക്കഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന മംഗലംപുഴക്ക് കുറുകെ ചെറുകുന്നത്തുള്ള പാലമാണിത്. ഒറ്റയടിപ്പാത പോലെ ഒരാൾക്കുമാത്രം കഷ്ടിച്ച് നടന്നുപോകാനുള്ള വീതിയേ പാലത്തിനുള്ളൂ.
പാലത്തിലേക്കു കയറുന്ന സ്റ്റെപ്പുകൾ കല്ലുകൾ ഇളകി തകർന്ന നിലയിലാണ്. സൂക്ഷിച്ചു കയറുകയും ഇറങ്ങുകയും ചെയ്തില്ലെങ്കിൽ കല്ലിൽതട്ടി വീഴും.
പുഴ നിറഞ്ഞൊഴുകുന്ന മഴക്കാലത്താണ് പാലംകടക്കൽ ഏറെ അപകടകരമാവുക. പിഞ്ചുകുട്ടികൾ ഈ പാലം കടന്നാണ് സ്കൂളുകളിലേക്കു പോവുന്നത്. എഴുപതു വർഷത്തിലേറെ പഴക്കമുണ്ട് ഈ നടപ്പാതയ്ക്ക്.
ദുരന്തസമാനമായ പാലം സുരക്ഷിതമാക്കണമെന്നു കാലങ്ങളായി പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും വലിയ അപകടം സംഭവിക്കട്ടെ എന്നിട്ടാകാം നടപടിയെന്ന മട്ടിലാണ് അധികൃതർ. പുഴയ്ക്കു കുറുകെയുള്ള പാലമായതിനാൽ ഇറിഗേഷൻ വകുപ്പിന്റെയും സഹകരണം വേണം. പുതിയ എംഎൽഎ യുടെ സഹായങ്ങളുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
