പരവൂർ: റെയിൽവേ പാളങ്ങളിലേക്കുള്ള അനധികൃത പ്രവേശനം തടയുന്നതിനും ട്രെയിൻ യാത്രക്കാരുടെയും റെയിൽവേ സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യത്തുടനീളം 19,700 കിലോമീറ്റർ ദൂരത്തിൽ സുരക്ഷാവേലികൾ നിർമിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ബിഹാർ, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന റെയിൽവേ പാതകൾ ഉൾപ്പെടെയുള്ള മേഖലകളിലാണ് വേലികെട്ടി തിരിച്ചിട്ടുള്ളത്. കേരളത്തിലും പലയിടത്തും സുരക്ഷാ വേലികൾ നിർമിച്ച് കഴിഞ്ഞു.
ട്രെയിനുകൾക്ക് നേരെയുണ്ടാകുന്ന കല്ലേറ് തടയാൻ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ലോക്കൽ പോലീസും ജിആർപിയും സംയുക്തമായാണ് പ്രവർത്തിക്കുന്നത്.
