ന്യൂഡൽഹി: പൊതു ഇടങ്ങളിൽ നിന്ന് തെരുവു നായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരായ മൃഗസ്നേഹികളുടെ അപ്പീൽ തള്ളി സുപ്രീംകോടതി. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും പരമോന്നത കോടതി നിർദേശിച്ചു.
എഡബ്ല്യുബിഐ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി തള്ളിയത്. കേസിൽ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്നും എയർപോർട്ടുകളിൽ നിന്നടക്കം നായ്ക്കളെ മാറ്റണമെന്നും കോടതി നിർദേശിച്ചു. കുട്ടികൾക്ക് നേരെയുള്ള തെരുവുനായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് പറഞ്ഞ കോടതി തെരുവുനായ ആക്രമണങ്ങളുടെ കണക്ക് നിരത്തുകയും ചെയ്തു.
ജില്ലാ തലത്തിൽ പൂർണതോതിൽ പ്രവർത്തിക്കുന്ന ഒരു എബിസി സെന്റർ വേണമെന്നും ആന്റി റാബിസ് വാക്സിൻ കർശനമായി ഉറപ്പാക്കണമെന്നും കോടതി വിധിയിൽ പറയുന്നു. ജീവനു ഭീഷണിയായാൽ തെരുവുനായകളെ കൊല്ലാമെന്നും കോടതി പറഞ്ഞു.
