പാലക്കാട്: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതേവിട്ടു. ഇയാൾക്കെതിരായ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിചാരണ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്കും ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്.
2018 ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനും മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതുമായ ആദിവാസി യുവാവ് മധുവിനെ (34) അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ കാട്ടിൽ നിന്ന് പിടികൂടിയത്.
ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടി, നഗ്നനാക്കി അട്ടപ്പാടിയിലെ റോഡിലൂടെ നടത്തിച്ചായിരുന്നു ആൾക്കൂട്ട വിചാരണ. വഴിയിലുടനീളം ക്രൂരമായ മർദ്ദനത്തിനിരയായ മധുവിനെ ഒടുവിൽ പൊലീസ് വണ്ടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മധു മരണത്തിന് കീഴടങ്ങുകയായിരുന്നു.
