ഡൈവിങ്ങിനിടെ സ്രാവിന്റെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് യുവാവ്. ന്യൂസിലൻഡ് ഫിഷിംഗ് ഇൻഫ്ലുവൻസറായ ഹെൻറി ഗിബ്സാണ് തന്റെ അതിജീവനത്തിന്റെ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തെക്കൻ ശാന്തസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് രാജ്യമായ ഫിജി തീരത്താണ് സംഭവം. നിരവധി ശസ്ത്രക്രിയകൾക്ക് ശേഷം താൻ സുഖം പ്രാപിച്ചു വരികയാണെന്നും പൂർണ ആരോഗ്യവാനായി തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗിബ്സ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഫിജി ദ്വീപുകളിലെ തന്റെ ആദ്യ ഡൈവിങ്ങിനിടെയാണ് സ്രാവിന്റെ ആക്രമണം ഉണ്ടായത്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ജൂലായ്24നാണ് ഗിബ്സ് ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ സഹിതം ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചത്. ഡൈവിങ്ങിനിടെ പെട്ടെന്നാണ് സ്രാവ് ആക്രമിച്ചതെന്നും അതൊരു ഭയപ്പെടുത്തുന്ന അനുഭവമായിരുന്നുവെന്നും ഗിബ്സ് പറയുന്നു. ആക്രമണം നടന്ന ഉടൻ തന്നെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ ചേർന്ന് അദ്ദേഹത്തെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
വലതുകാലിന് ഗുരുതരമായി പരിക്കേറ്റ ഗിബ്സിന് നാല് ശസ്ത്രക്രിയകളും സ്കിൻ ഗ്രാഫ്റ്റിംഗ് ചികിത്സയും പൂർത്തിയാക്കേണ്ടി വന്നു.. ‘സ്രാവിന്റെ അതിർത്തിയിൽ കയറി ഞാൻ അതിന്റെ ഇരയെ പിടിക്കാൻ നോക്കുകയായിരുന്നു. അതുകൊണ്ട് ആ സ്രാവിനോട് ദേഷ്യമോ വിഷമമോ എനിക്കില്ല. തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് പെട്ടുപോയി, അത്രമാത്രം.’— ഹെൻറി ഗിബ്സ് പറയുന്നു.
സ്രാവ് ആക്രമിക്കുന്ന വീഡിയോ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് ഗിബ്സ് പറഞ്ഞു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും, സ്രാവ് മുന്നിൽ പെട്ടാൽ എങ്ങനെ രക്ഷപ്പെടണമെന്ന് മറ്റുള്ളവർക്ക് മനസിലാക്കാനും ഈ വീഡിയോ സഹായിക്കുമെന്നും ഗിബ്സ് വ്യക്തമാക്കി.
