വാഷിംഗ്ടൺ: അമേരിക്കയിലെ ആരോഗ്യ സംരക്ഷണ സംവിധാനം വൻ തട്ടിപ്പാണെന്ന ആരോപണവുമായി യുഎസ് യുവതി രംഗത്ത്. തനിക്ക് അത്യാവശ്യമായി വേണ്ടിവന്ന ഒരു മരുന്നിന് അമേരിക്കയിൽ 1,000 ഡോളർ (ഏകദേശം 83,000-ത്തിലധികം ഇന്ത്യൻ രൂപ) വിലയുള്ളപ്പോൾ, അതേ മരുന്ന് ഇന്ത്യയിൽ നിന്ന് വെറും 25 ഡോളറിന് (ഏകദേശം 2,000 രൂപ) വാങ്ങാനായതായാണ് യുവതി വ്യക്തമാക്കുന്നത്. വിക്ടോറിയ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
തന്റെ ഇൻഷുറൻസ് കമ്പനി ഈ അത്യാവശ്യ മരുന്നിന്റെ ചിലവ് വഹിക്കാൻ വിസമ്മതിച്ചതോടെയാണ് വിക്ടോറിയ പ്രതിസന്ധിയിലായത്. വെറും ആറ് ചെറിയ ഗുളികകൾ അടങ്ങിയ മരുന്നിനാണ് യുഎസിൽ ഒരു ലക്ഷത്തിനടുത്ത് രൂപ കൈയിൽ നിന്ന് നേരിട്ട് നൽകേണ്ടി വന്നത്. ഇത്രയും വലിയ തുക നൽകാൻ തയ്യാറാകാതിരുന്ന വിക്ടോറിയയോട് ഡോക്ടർ തന്നെയാണ് കനേഡിയൻ ഫാർമസി വഴി ഇന്ത്യൻ നിർമാതാക്കളെ ബന്ധപ്പെടാൻ നിർദേശിച്ചത്.
യുഎസിൽ എനിക്ക് 1,000 ഡോളർ ചെലവ് വരുമായിരുന്ന മരുന്നാണ് ഞാൻ വെറും 25 ഡോളറിന് വാങ്ങിയത്. ഇതിൽ 10 ഡോളർ മരുന്നിന്റെ വിലയും 15 ഡോളർ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര ഷിപ്പിംഗ് ചാർജുമാണ്. അമേരിക്കയിലെ ഹെൽത്ത് കെയർ സിസ്റ്റം ഒരു തമാശയാണ്. നമ്മൾ പൂർണമായും പറ്റിക്കപ്പെടുകയാണ്. ഇവിടെ ഈടാക്കുന്ന അധിക പണമൊക്കെ ആരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്ന് വിക്ടോറിയ വീഡിയോയിൽ ചോദിക്കുന്നുണ്ട്.
വീഡിയോ വൈറലായതോടെ അമേരിക്കൻ ആരോഗ്യരംഗത്തെ ചൂഷണങ്ങളെ വിമർശിച്ചും, ഇന്ത്യയിലെ കുറഞ്ഞ നിരക്കിലുള്ള മരുന്നുകളെ പ്രശംസിച്ചും നിരവധി ആളുകൾ രംഗത്തെത്തി. അമേരിക്കയിൽ മരുന്ന് വാങ്ങുന്നതിലും ലാഭം ഇന്ത്യയിലേക്ക് ഒരു വിമാന ടിക്കറ്റെടുത്ത് വന്ന്, ഒരു വാരം അവിടെ അവധിക്കാലം ആഘോഷിച്ച്, ആവശ്യമായ മരുന്നും വാങ്ങി മടങ്ങുന്നതാണ്. അങ്ങനെയെങ്കിൽ പോലും ആകെ ചിലവ് 1,000 ഡോളറിൽ താഴെയേ വരൂ,” എന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചു. മികച്ച ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിട്ട് പോലും യുഎസിലെ മരുന്ന് വില താങ്ങാനാകാതെ ഇന്ത്യയെ ആശ്രയിക്കേണ്ടി വന്ന മറ്റു ചിലരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
