ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ ഗുരുഗ്രാമിൽ ജീവിക്കാൻ താൻ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് ഒരു യുവ സോഫ്റ്റ്വെയർ എൻജീനിയർ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. 27 വയസുള്ള , അടുത്തിടെ വിവാഹിതനായ ഈ ടെക് പ്രൊഫഷണൽ, ഉയർന്ന ശമ്പളം ഉണ്ടായിട്ടും മാസാവസാനം കൈയിൽ ഒന്നും അവശേഷിക്കാത്ത അവസ്ഥയിലാണ് തന്റെ പ്രതിമാസ ബജറ്റ് പരസ്യമാക്കിയത്.
പ്രതിമാസം 1.44 ലക്ഷം രൂപ എന്ന മാന്യമായ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും, അതിന്റെ 80 ശതമാനത്തോളവും സ്ഥിരമായ ആവശ്യങ്ങൾക്കായി ചെലവഴിക്കേണ്ടി വരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇതിൽ ഏറ്റവും വലിയ ബാധ്യത ഒരു സ്ഥലത്തിന് വേണ്ടിയുള്ള പ്രതിമാസ വായ്പ അടവാണ് 44,000 രൂപ. ഇതിന് പുറമെ ഗുരുഗ്രാമിലെ വീട്ടുവാടകയായി 25,000 രൂപയും നൽകണം.
പലചരക്ക് സാധനങ്ങൾ, ഇന്ധനം, വാരാന്ത്യങ്ങളിലെ ചെറിയ യാത്രകൾ എന്നിവയെല്ലാം ചേരുമ്പോൾ സ്ഥിരമായ മാസച്ചെലവ് തന്നെ 1.1 ലക്ഷം രൂപയാകും. വണ്ടിയുടെ അറ്റകുറ്റപ്പണികൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, മെഡിക്കൽ ബില്ലുകൾ തുടങ്ങിയ അപ്രതീക്ഷിത ചെലവുകൾ കൂടി വരുമ്പോൾ അവശേഷിക്കുന്ന ചെറിയ സമ്പാദ്യവും ഇല്ലാതാകും. നിലവിലെ സാഹചര്യം കാരണം സുഹൃത്തുക്കളിൽ നിന്ന് 2.25 ലക്ഷം രൂപ കടം വാങ്ങേണ്ടി വന്നതായും, ഇത് തിരികെ വീട്ടുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കുറിച്ചു.
കേവലം കണക്കുകൾക്കപ്പുറം വലിയൊരു മാനസിക സങ്കടവും ഈ കുറിപ്പിലുണ്ട്. തന്റെ കൂടെയുള്ളവർ തന്റെ ഇരട്ടി ശമ്പളം വാങ്ങുന്നത് കാണുമ്പോൾ വലിയ അപകർഷതാബോധം തോന്നുന്നുണ്ടെന്ന് യുവാവ് സമ്മതിക്കുന്നു. പുതുതായി വിവാഹിതയായ ഭാര്യയ്ക്കും പ്രായമായ മാതാപിതാക്കൾക്കും ഒരു മികച്ച ജീവിതശൈലി നൽകാൻ കഴിയുന്നില്ലെന്ന കുറ്റബോധം തന്നെ അലട്ടുന്നുണ്ട്. ഐടി മേഖലയിലെ അടുത്ത ശമ്പള വർദ്ധനവിലും ബോണസിലുമാണ് ഇപ്പോൾ ഏക പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് യുവാവിന് പിന്തുണയുമായി എത്തിയത്. വസ്തു വായ്പ പുനഃക്രമീകരിക്കാനോ അല്ലെങ്കിൽ ആ വസ്തുവിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള വഴികൾ നോക്കാനോ പലരും ഉപദേശിച്ചു. സുഹൃത്തുക്കളുടെ കടം വീട്ടുന്നത് വരെ അനാവശ്യമായ ചെറിയ ചെലവുകൾ പോലും കർശനമായി നിയന്ത്രിക്കണമെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. മഹാനഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവുകൾക്കിടയിലും, ദീർഘകാല നിക്ഷേപങ്ങൾക്കായി ഭീമമായ തുക മാറ്റിവെച്ച് സാമ്പത്തിക പ്രതിസന്ധിയിലാകുന്ന ഇന്നത്തെ കോർപ്പറേറ്റ് യുവത്വത്തിന്റെ യഥാർഥ പ്രതിഫലനമാണ് ഈ വൈറൽ പോസ്റ്റ്.
