ജോലി ലഭിച്ചു എന്ന് അറിയിക്കാനായി കമ്പനികൾ ഓൺലൈൻ മീറ്റിംഗുകൾ വിളിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ തന്നെ ജോലിയിൽ നിന്നും ഒഴിവാക്കി എന്ന് നേരിട്ട് അറിയിക്കാൻ മാത്രമായി ഒരു കമ്പനി ‘സൂം മീറ്റിംഗ്’ ഷെഡ്യൂൾ ചെയ്തതിന്റെ ഞെട്ടലിലാണ് 24 വയസുകാരിയായ ഒരു ഉദ്യോഗാർഥി.
റെഡ്ഡിറ്റിൽ ‘ട്രൂലി ഫ്ലാബർഗാസ്റ്റഡ്’ -പൂർണ്ണമായും അമ്പരന്നുപോയി എന്ന തലക്കെട്ടോടെ യുവതി പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാവുകയാണ്. തന്റെ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ ശേഷം ഒരു പ്രമുഖ കമ്പനിയിലേക്ക് അപേക്ഷിച്ച യുവതി, കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് റൗണ്ട് അഭിമുഖങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അതിനുശേഷമാണ് കമ്പനിയിലെ റിക്രൂട്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർ, ഡയറക്ടർ എന്നിവർ പങ്കെടുക്കുന്ന ഒരു പ്രത്യേക സൂം മീറ്റിംഗിലേക്ക് യുവതിയെ ക്ഷണിക്കുന്നത്.
ജോലി ഉറപ്പായെന്ന സന്തോഷത്തോടെയും കടുത്ത ആവേശത്തോടെയുമാണ് യുവതി മീറ്റിംഗിൽ പങ്കെടുത്തത്.എന്നാൽ മീറ്റിംഗ് ആരംഭിച്ചയുടൻ, തങ്ങൾ മറ്റൊരു ഉദ്യോഗാർഥിയെ ആണ് ഈ ജോലിക്ക് തെരഞ്ഞെടുത്തത് എന്ന നിരാശാജനകമായ വാർത്തയാണ് അധികൃതർ യുവതിയെ അറിയിച്ചത്.
“ഞാൻ സ്തബ്ധയായി കുറച്ചുനേരം സ്ക്രീനിലേക്ക് നോക്കിയിരുന്നുപോയി. അവസരത്തിന് നന്ദി എന്ന് ഞാൻ അവരോട് പറഞ്ഞു. അപ്പോൾ അവർ എന്നോട് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ എന്ന് ചോദിക്കുകയും, എന്റെ ഭാവം കണ്ടിട്ട് ഞാൻ അസ്വസ്ഥയാണെന്ന് തോന്നുന്നു എന്ന് പറയുകയും ചെയ്തു. എനിക്ക് ചിരി അടക്കാനായില്ല. മീറ്റിംഗ് സെറ്റ് ചെയ്ത രീതി കണ്ടപ്പോൾ എനിക്ക് ജോലി ലഭിച്ചു എന്നാണ് ഞാൻ കരുതിയതെന്ന് ഞാൻ അവരോട് തുറന്നുപറഞ്ഞുവെന്നും യുവതി കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇമെയിൽ അയക്കുന്നതിനേക്കാൾ കൂടുതൽ ഹൃദ്യമായി കാര്യം അവതരിപ്പിക്കാനാണ് സൂം മീറ്റിംഗ് വിളിച്ചതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് അവർ ക്ഷമാപണം നടത്തുകയും ചെയ്തു. എങ്കിലും ഈ സംഭവം തന്നെ വലിയ രീതിയിൽ അപമാനിക്കുന്നതിനും ലജ്ജിപ്പിക്കുന്നതിനും ഇടയാക്കിയെന്ന് യുവതി പറയുന്നു.
പോസ്റ്റ് വൈറലായതോടെ കമ്പനിയുടെ ഈ വിചിത്രമായ നടപടിക്കെതിരെ കടുത്ത വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ഇത്തരമൊരു കാര്യം അറിയിക്കാൻ ഒരു ലളിതമായ ഇമെയിൽ സന്ദേശം മതിയായിരുന്നു എന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. തിരസ്കരണ വാർത്തകൾ ഒരു ചെറിയ ഇമെയിലിലൂടെയോ അല്ലെങ്കിൽ ഫോൺ കോളിലൂടെയോ അറിയിക്കുന്നതാണ് ഉദ്യോഗാർഥികളോടുള്ള മര്യാദയെന്നും, കമ്പനിയുടെ ഇത്തരം പ്രവണതകൾ ഉദ്യോഗാർത്ഥികളെ മാനസികമായി തളർത്തുമെന്നും സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
