ബെംഗളൂരു: കർണാടകത്തിലെ വിജയനഗരയിൽ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി പൊലീസ്. ലോഡ്ജ് നടത്തിപ്പുകാർ ഉൾപ്പെടെ മൂന്നുപേർക്കെതിരേ കേസെടുത്തു. സംഘം ഇരകളാക്കിയിരുന്ന മൂന്ന് സ്ത്രീകളെ പേലീസ് രക്ഷപ്പെടുത്തി.
ഹൊസ്പേട്ടിലെ ടിബി ഡാം റോഡിലെ ബാലാജി ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസ് പെൺവാണിഭസംഘത്തെ പിടികൂടിയത്. പോലീസെത്തിയപ്പോൾ മൂന്ന് സ്ത്രീകൾ ലോഡ്ജ് മുറിയിൽ ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
പോലീസ് രക്ഷപ്പെടുത്തിയ സ്ത്രീകളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ബീജാപൂർ, ബംഗളൂരു, ഹൊസ്പേട്ട് സ്വദേശികളാണ് സ്ത്രീകളെന്ന് പോലീസ് പറഞ്ഞു. വർഷങ്ങളായി ഈ കേന്ദ്രം പ്രവർത്തിച്ച് വരികയാണെങ്കിലും പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത് ഈയിടെ മാത്രമാണ്. മൈസൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒഡനാടി സേവ സൻസ്തയുടെ ഇടപെടലിനെ തുടർന്നായിരുന്നു പോലീസിന് സെക്സ് റാക്കറ്റ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.
പരിശോധന നടന്ന ബാലാജി ലോഡ്ജിന്റെ ഉടമയാണ് സംഘത്തിന്റെ സൂത്രധാരനെന്ന് പോലീസ് വ്യക്തമാക്കി. ഒളിവിലുള്ള ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഹൊസ്പേട്ടിലെ മറ്റൊരു ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടിയതും ഓടനാടി സേവ സൻസ്തയുടെ ഇടപെടലിനെ തുടർന്നായിരുന്നു.
