മങ്കൊമ്പ്: ഒരു വ്യാഴവട്ടക്കാലത്തിലേറെയായി ബന്ധുക്കളെ തേടിയുള്ള രാധയുടെ (58) കാത്തിരിപ്പിനു വിരാമം. ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കിടങ്ങറ സ്നേഹതീരത്തിലെ അന്തേവാസിയായ രാധയാണ് ബന്ധുക്കൾക്കൊപ്പം രാജസ്ഥാനിലേക്കു മടങ്ങിയത്.
മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്കായി 13 വർഷക്കാലമായി പ്രവർത്തിക്കുന്ന പുനരധിവാസ കേന്ദ്രമാണിത്. സ്ഥാപനത്തിന്റെ ആരംഭം മുതൽ രാധ ഇവിടെ അന്തേവാസിയായിരുന്നു.
മാനസിക വെല്ലുവിളികൾ മൂലം നാട്ടിൽ നിന്നും വഴിതെറ്റി കേരളത്തിലെത്തിയതാണ് രാധ. ഇവിടുത്തെ താമസത്തെത്തുടർന്ന് മാനസിക നില വീണ്ടെടുത്തിരുന്നു. സംസ്ഥാന സർക്കാരിന്റെ പ്രത്യാശ പദ്ധതിയിലൂടെയാണ് രാധയ്ക്കു തന്റെ ബന്ധുക്കളെ കണ്ടെത്താനായത്.
ഒരിക്കലും തിരികെ കിട്ടില്ലെന്നു പ്രതീക്ഷിച്ചിരുന്ന രാധയെ കണ്ടതിലുള്ള സന്തോഷത്തിലായിരുന്നു ബന്ധുക്കൾ. വർഷങ്ങൾക്കു ശേഷം നാട്ടിലേക്കു മടങ്ങുന്നതിന്റെ സന്തോഷത്തിനിടയിലും ഒപ്പം കഴിഞ്ഞിരുന്ന അന്തേവാസികളെ പിരിയുന്നതിന്റെ ദുഖത്തിലായിരുന്നു രാധ. ഫാ. ലിജോ കുഴുപ്പള്ളിയാണ് സ്നേഹതീരത്തിന്റെ ഡയറക്ടർ.
