ലോസ് ആഞ്ചലസ് : അതിശക്തരായ എതിരാളികൾക്കെതിരേ പ്രതിരോധ ഫുട്ബോളിലൂടെ മറുപടി നൽകുന്ന ശീലം ലോകകപ്പിൽ തുടരുന്നു. ഇത്തവണ ഗ്രൂപ് ജി-യിൽ യൂറോപ്യൻ ശക്തികളായ ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ തളച്ചിരിക്കുകയാണ് ഏഷ്യയിൽ നിന്നുള്ള ഇറാൻ. വെറും 29.9 ശതമാനം പന്ത് കൈവശം കളിച്ചാണ് ഇറാൻ ബെൽജിയത്തെ പൂട്ടിയത്. അമേരിക്കയിലെ ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഞായർ രാത്രി 12.30ന് നടന്ന മത്സരത്തിൽ ലോക ഫുട്ബോളിലെ വന്പൻ താരങ്ങളെ കളത്തിലിറക്കിയ ബെൽജിയത്തെ 5-4-1 എന്നി രൂപത്തിൽ താരങ്ങളെ വിന്യസിപ്പിച്ചാണ് ഇറാൻ നേരിട്ടത്.
സമനില പിണഞ്ഞതോടെ ഗ്രൂപ്പ്-ജിയിലെ മത്സരം സങ്കീർണമായി. നേരത്തെ നടന്ന മത്സരത്തിൽ ഈജിപ്തിനോട് സമനില വഴങ്ങിയ ബെൽജിയത്തിന്, ഈ മത്സരവും തുല്യത പാലച്ചതിനാൽ അടുത്ത മത്സരങ്ങൾ നിർണായകമാകും. അവസരം കിട്ടുന്പോൾ ആക്രമിക്കുകയും അല്ലാത്ത അവസരത്തിൽ എതിരാളികളുടെ കടന്നാക്രമണത്തെ സംഘം ചേർന്ന് തടയുകയെന്ന തന്ത്രമാണ് ഇറാൻ കോച്ച് അമീർ ഗലെനോ സ്വീകരിച്ചത്. കളിക്കാർ ഇത് അപ്പാടെ നടപ്പാക്കിയതോടെ ഗോൾമുഖത്തേക്കുള്ള വഴി തുറക്കാനാകാതെ ബെൽജിയം കുടുങ്ങിപോയി.
മത്സരത്തിന്റെ ആദ്യഘട്ടം മുതൽ ബെൽജിയം കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അവരുടെ പ്രമുഖതാരങ്ങളായ കെവിൻ ഡി ബ്രൂയിനും യൂറി ടൈലമാൻസും മധ്യനിരയിൽ നിന്ന് പന്ത് വിതരണം നടത്തിയത് മനോഹരമായ കാഴ്ചയായിരുന്നു. ഇതോടെ ബെൽജിയൻ മുന്നേറ്റക്കാർ ഇറാൻ ഗോൾമുഖത്തേക്ക് നിരന്തരം എത്തി. എന്നാൽ ഇറാൻ പ്രതിരോധവും ഗോൾകീപ്പർ അലിറേസ ബെയ്റൻവാന്റിന്റെ മിന്നുന്ന പ്രകടനങ്ങളും ബെൽജിയത്തിന്റെ സാധ്യതകൾ ഇല്ലാതാക്കുന്ന കാഴ്ചയാണ് കണ്ടത്. ബെൽജിയം തുടർച്ചയായി ആക്രമണം
നടത്തിയിട്ടും ഇറാൻ ഗോൾ വീഴാതെ നിലയുറപ്പിക്കുകയായിരുന്നു.
ഇതിനിടെ പന്ത് കിട്ടുന്പോൾ അവർ പ്രത്യാക്രമണത്തിന് മുതിരുകയും ചെയ്തു. ഇതാകട്ടെ ബെൽജിയം പ്രതിരോധത്തിലും ബുദ്ധിമുട്ടാക്കി. ആദ്യ പകുതിയിൽ ഇറാന്റെ മെഹ്ദി തരേമി ഗോളടിച്ചെങ്കിലും ’വാർ’ പരിശോധനയിൽ അത് ഓഫ്സൈഡായിരുന്നു.67-ാം മിനിറ്റിൽ ബെൽജിയത്തിന് പ്രതിസന്ധി നേരിട്ടു. ഇറാൻ താരം മെഹ്ദി തരേമിയെ കടുത്ത രീതിയിൽ ഫൗൾ ചെയ്തതിന് ബെൽജിയൻ പ്രതിരോധനിരയിലെ നഥാൻ എൻഗോയിക്ക് റഫറി ചുവപ്പുകാർഡ് നൽകി. ബെൽജിയം നിരയിൽ ശേഷി കുറഞ്ഞതോടെ ഇറാൻ ആക്രമണം കടുപ്പിച്ചെങ്കിലും
ബെൽജിയം ശക്തമായി ചെറുത്തു നിന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ ബെൽജിയം ഗോളടിക്കുമെന്ന് തോന്നിപ്പിച്ചു. അവരുടെ ഡോഡി ലുകേബാക്കിയോയും മാറ്റിയാസ് ഫെർണാണ്ടസ്-പാർഡോയും ഗോളിനടുത്തെത്തിയെങ്കിലും ഇറാൻ പതറാതെ പിടിച്ചു നിന്നു. ആദ്യമത്സരത്തിലും ഇറാൻ ന്യൂസിലൻഡിനോട് 2-2 സമനില നേടുകയായിരുന്നു.
