തലശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കക്ഷിചേർന്ന് പിതാവ് മുഹമ്മദ്. വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഷുഹൈബിന്റെ പിതാവ് കക്ഷി ചേർന്നിട്ടുള്ളത്. നിലവിലുള്ള കോടതി മാറ്റരുതെന്നും വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണ് പ്രതിഭാഗം നടത്തുന്നതെന്നും മുഹമ്മദ് ഹർജിയിൽ പറയുന്നു. ഈ മാസം17 വരെ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
കേസിൽ മൂന്ന് സാക്ഷികളുടെ വിസ്താരമാണ് നടന്നത്. ഒന്നാം സാക്ഷിയുടെ ചീഫ് വിസ്താരവും ക്രോസ് വിസ്താരവും പൂർത്തിയായി. മറ്റ് രണ്ട് സാക്ഷികളുടെ ചീഫ് വിസ്താരം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. നാലാം സാക്ഷി ഇസ്മയിലിന്റെ വിസ്താരം നടത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി പരിഗണിച്ചില്ല. 17 ന് തന്നെയാണ് വിചാരണ കോടതിയും കേസ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
പ്രതിഭാഗത്തിന്റെ കോടതിമാറ്റ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി രണ്ട് തവണ തള്ളിയിരുന്നു. പിന്നീടാണ് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. കോടതി മാറണമെന്ന ഹർജിക്ക് നിയമപരമായ അടിത്തറയില്ലെന്നും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.
നീതിപൂർവമായ വിചാരണയ്ക്ക് മറ്റൊരു കോടതിയിലേക്ക് വിചാരണ മാറ്റണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യുട്ടർ അഡ്വ കെ.പത്നാഭനും പ്രതിഭാഗത്തിനു വേണ്ടി പി വി ഹരി, എൻ.ആർ ഷാനവാസുമാണ് ഹാജരാകുന്നത്.
.
