മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിൽ ചെക്കിയയെ തകർത്ത് മെക്സിക്കോ നോക്കൗട്ടിൽ. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മെക്സിക്കൻ ജയം. 55, 61 മിനിറ്റുകളിലാണ് അവർ ലക്ഷ്യംകണ്ടത്. മാറ്റേ ഷാവേസും ജൂലിയൻ ക്വിനോൻസുമാണ് മെക്സിക്കോയ്ക്കുവേണ്ടി സ്കോർ ചെയ്തത്.
ചെക് റിപ്പബ്ലിക്കിനെതിരേ മത്സരത്തിലുടനീളം മെക്സിക്കോയുടെ ആധിപത്യമാണ് കണ്ടത്. പക്ഷേ, ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു അവർക്ക് ഗോൾവല കുലുക്കാനായത്. 55-ാം മിനിട്ടിൽ ലൂയിസ് റോമോയുടെ പാസ് സ്വീകരിച്ച മാറ്റേ ഷാവേസ് അനായാസം പന്ത് ചെക്ക് വലയിലേക്ക് നിക്ഷേപിച്ചു. മെക്സിക്കോ മുന്നിൽ.
പിന്നാലെ ലീഡ് ഉയർത്താനുള്ള ശ്രമമായിരുന്നു. ഒടുവിൽ 61-ആം മിനിട്ടിൽ ജൂലിയൻ ക്വിനോൻസിലൂടെ അവർ ലീഡ് രണ്ടാക്കി ഉയർത്തി. ഗോൾ മടക്കാൻ ചെക്കിയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്സിക്കോ നോക്കൗട്ടിലേക്ക്.
