ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് പിന്തുണയുമായി രംഗത്ത്. ഇൻഫാന്റിനോയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നത് വലിയ അബദ്ധമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഫിഫ ടൂർണമെന്റുകളിലേക്ക് സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള ഇൻഫാന്റിനോയുടെ പദ്ധതിയെച്ചൊല്ലി സംഘടനയ്ക്കുള്ളിൽ കടുത്ത ഭിന്നതയും രാജി ആവശ്യപ്പെട്ടുള്ള സമ്മർദ്ദവും ശക്തമാകുന്നതിനിടയിലാണ് ട്രംപിന്റെ പ്രതികരണം.
യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയുടെ നേതൃത്വത്തിലാണ് ഇൻഫാന്റിനോയ്ക്കെതിരായ നീക്കങ്ങൾ പുരോഗമിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തെ പുറത്താക്കാനാണ് എതിർപക്ഷത്തിന്റെ ശ്രമം.
യൂറോപ്പ്, ഏഷ്യ, നോർത്ത് അമേരിക്ക കോൺഫെഡറേഷനുകൾ ഇൻഫാന്റിനോയ്ക്ക് എതിരെ തുറന്ന കത്തെഴുതുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2026 ലോകകപ്പ് ആതിഥേയരായ അമേരിക്കയും കാനഡയും ഈ നീക്കങ്ങളെ പിന്തുണച്ചപ്പോൾ, മെക്സിക്കോ മാത്രമാണ് ഇൻഫാന്റിനോയ്ക്കൊപ്പം നിലയുറപ്പിച്ചത്.
ഈ സാഹചര്യത്തിലാണ് ഇൻഫാന്റിനോയെ പിന്തുണച്ചുകൊണ്ട് ട്രംപ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. 2016 മുതൽ ഫിഫ തലപ്പത്തുള്ള ഇൻഫാന്റിനോ, അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ 2031 വരെ അധികാരത്തിൽ തുടരാനാണ് ലക്ഷ്യമിടുന്നത്
