മകൾ പാസ്പോർട്ട് മറന്നതിനെ തുടർന്ന് മകളെ വിമാനത്താവളത്തിൽ നിർത്തി, അമ്മ ഒറ്റയ്ക്ക് വിനോദയാത്രയ്ക്ക് പോയ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. അമേരിക്കൻ സ്വദേശിയായ ചെറിൽ മാഗ്വിർ എന്ന സ്ത്രീയാണ് തന്റെ 21 വയസ്സുള്ള മകളെ കൂടെക്കൂട്ടാതെ കരീബിയൻ ദ്വീപായ ടർക്സ് ആൻഡ് കൈക്കോസിലേക്ക് ഒറ്റയ്ക്ക് വിമാനം കയറിയത്. ‘ബിസിനസ് ഇൻസൈഡർ’ എന്ന മാധ്യമത്തിൽ ചെറിൽ എഴുതിയ ലേഖനം വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വർഷങ്ങൾക്ക് ശേഷം മകളോടൊപ്പം പഴയ ഓർമകൾ പുതുക്കാനായി പ്ലാൻ ചെയ്ത യാത്രയായിരുന്നു ഇത്. ബോസ്റ്റൺ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ന്യൂയോർക്കിൽ താമസിക്കുന്ന മകൾ തന്റെ പാസ്പോർട്ട് റൂമിൽ മറന്ന കാര്യം തിരിച്ചറിയുന്നത്. അപ്പോഴേക്കും പാസ്പോർട്ട് എടുത്തു തിരികെ വരാനുള്ള സമയം ഇല്ലായിരുന്നു. റീഫണ്ട് ലഭിക്കാത്ത ടിക്കറ്റുകൾ ആയതിനാൽ യാത്ര റദ്ദാക്കിയാൽ ആയിരക്കണക്കിന് ഡോളർ നഷ്ടപ്പെടുമായിരുന്നു. ഈ സാഹചര്യത്തിലാണ് മകളെ വിട്ട് ഒറ്റയ്ക്ക് യാത്ര തുടരാൻ ചെറിൽ തീരുമാനിച്ചത്.
മകൾക്ക് എപ്പോഴും സാധനങ്ങൾ മറന്നുപോകുന്ന സ്വഭാവമുണ്ടെന്നും, സ്വന്തം ഉത്തരവാദിത്തങ്ങളെക്കുറിച്ച് അവളെ പഠിപ്പിക്കാൻ ഈ കഠിനമായ സ്നേഹം അനിവാര്യമായിരുന്നു എന്നുമാണ് അമ്മയുടെ വാദം. എന്നാൽ ഈ സംഭവത്തോടെ സോഷ്യൽ മീഡിയ ചേരിതിരിഞ്ഞ് വലിയ വാദപ്രതിവാദങ്ങളിലാണ്. അമ്മയെ അനുകൂലിക്കുന്നവരുടെ ഒരുപക്ഷവും അമ്മയെ എതിർക്കുന്നവരുടെ ഒരു കൂട്ടവും ചേരിതിരിഞ്ഞ് കമന്റ് ബോക്സിൽ അഭിപ്രായങ്ങളുമായി രംഗത്തെത്തി. തന്റെ തീരുമാനത്തിൽ നേരിയ വിഷമമുണ്ടെങ്കിലും, ഭാവിയിൽ മകൾ കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ കാണാൻ ഇത് സഹായിക്കുമെന്നാണ് ചെറിൽ വിശ്വസിക്കുന്നത്.
