ചൂടുപറക്കുന്ന ഒരു കപ്പ് കോഫിയും ഒപ്പം സ്വന്തം മുഖത്തിന്റെ മനോഹരമായ ഒരു കാരിക്കേച്ചറും, അതും വെറും 80 രൂപയ്ക്ക്! കൊൽക്കത്തയിലെ ഒരു ചെറിയ ചായക്കടയിലെത്തിയ അമേരിക്കൻ സഞ്ചാരിയെ അമ്പരപ്പിച്ചത് ഈ അപൂർവ്വ ഓഫറാണ്. കലാകാരനായ ശ്യാമ പ്രസാദ് ഡേയുടെ കൊൽക്കത്തയിലെ കട സന്ദർശിച്ച അമേരിക്കൻ യൂട്യൂബറും സഞ്ചാരിയുമായ മാർക്കസ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ 30 വർഷമായി ശ്യാമ പ്രസാദ് ഡേ ഈ കൊച്ചു ചായക്കട നടത്തിവരികയാണ്. കടയിലെത്തിയ മാർക്കസ് അവിടെ പ്രദർശിപ്പിച്ചിരുന്ന പ്രശസ്തരുടെ ചിത്രങ്ങൾ കണ്ട് അത്ഭുതപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അവതരിപ്പിച്ച ‘ദാദാ ഗിരി’ എന്ന ജനപ്രിയ ബംഗാളി ടെലിവിഷൻ ഷോയിൽ ശ്യാമ പ്രസാദ് പങ്കെടുത്തതിന്റെ ചിത്രങ്ങളും മാർക്കസിന്റെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് മാർക്കസിന്റെ മുഖം നോക്കി ശ്യാമ പ്രസാദ് മിനിറ്റുകൾക്കുള്ളിൽ മനോഹരമായ ഒരു കാരിക്കേച്ചർ വരച്ചുകൊടുത്തു. വര പൂർത്തിയായ ശേഷം കോഫിക്കും കാരിക്കേച്ചറിനുമായി വെറും 80 രൂപ (ഒരു ഡോളറിൽ താഴെ) മാത്രമാണ് നൽകേണ്ടതെന്ന് അറിഞ്ഞപ്പോൾ മാർക്കസിന് അത് വിശ്വസിക്കാനായില്ല.
ചായ കുടിക്കാൻ എത്തുന്നവർക്ക് സ്വന്തം കൈകൊണ്ട് കാരിക്കേച്ചറുകൾ വരച്ചു നൽകുന്ന ശ്യാമ പ്രസാദ് ഡേയുടെ ഈ വേറിട്ട രീതി പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. സന്തോഷത്തോടെ കാരിക്കേച്ചറും കയ്യിലേന്തി കോഫി ഗ്ലാസ് ഉയർത്തി “ചിയേഴ്സ്” പറയുന്ന മാർക്കസിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
