തൊഴിൽ വിപണിയിലെ മന്ദഗതിക്കിടയിൽ ഒരു ജോലി കണ്ടെത്തുക എന്നത് നിലവിൽ വലിയൊരു നേട്ടമാണ്. എന്നാൽ കഠിനമായ അഭിമുഖങ്ങൾ പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച്, മൂന്ന് ദിവസം മാത്രം പിന്നിട്ടപ്പോൾ കമ്പനിയിൽ നിന്ന് ജോലി നിഷേധിച്ചുകൊണ്ടുള്ള ഇമെയിൽ ലഭിച്ച ഒരു യുവാവിന്റെ വിചിത്രമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘ഓഫർ ലെറ്റർ റദ്ദാക്കി, പക്ഷേ ഞാൻ ഇപ്പോൾ തന്നെ ജോലി ചെയ്യുകയാണ്?’ എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിലാണ് യുവാവ് ഈ അനുഭവം പങ്കുവെച്ചത്.
“സത്യത്തിൽ ഇത് തികച്ചും ചിരിയുണർത്തുന്ന ഒന്നാണ്. കുറച്ച് ആഴ്ചകൾക്ക് മുൻപ് ഒരു വെള്ളിയാഴ്ചയാണ് ഞാൻ ഈ ജോലിയുടെ അഭിമുഖത്തിൽ പങ്കെടുത്തത്. തിങ്കളാഴ്ച സ്കിൽ ടെസ്റ്റിനായി ചെന്നപ്പോൾ തൊട്ടടുത്ത ദിവസം തന്നെ ജോലിയിൽ പ്രവേശിക്കാമോ എന്ന് അവർ ചോദിച്ചു. ഞാൻ സന്തോഷത്തോടെ അത് സമ്മതിക്കുകയും ചൊവ്വാ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ജോലി ചെയ്യുകയും ചെയ്തു, യുവാവ് കുറിച്ചു.
എന്നാൽ വ്യാഴാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് യുവാവിനെ ഞെട്ടിച്ചുകൊണ്ട് കമ്പനിയുടെ ഇമെയിൽ എത്തിയത്. ‘എംപ്ലോയ്മെന്റ് ഓഫർ റദ്ദാക്കുന്നു’ എന്നതായിരുന്നു ഇമെയിലിന്റെ വിഷയം.
“കൂടുതൽ ആലോചനകൾക്ക് ശേഷം, തിങ്കളാഴ്ച നിങ്ങൾക്ക് നൽകിയ ജോലി വാഗ്ദാനം അടിയന്തിര പ്രാബല്യത്തോടെ ഞങ്ങൾ റദ്ദാക്കുകയാണ്. നിങ്ങൾ ഈ ഓഫർ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലാത്തതിനാൽ, ഇത് ജോലിയിൽ നിന്നുള്ള പിരിച്ചുവിടലല്ല, മറിച്ച് ഓഫർ ലെറ്റർ റദ്ദാക്കൽ മാത്രമാണ്. ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളം അയച്ചുതരുന്നതിനായി നിങ്ങളുടെ നിലവിലെ മേൽവിലാസം ലഭ്യമാക്കുക എന്നാണ് കന്പനി അയച്ച് ഇമെയിലിൽ വ്യക്തമാക്കുന്നത്.
താൻ ഓഫർ സ്വീകരിച്ച് ജോലിയിൽ പ്രവേശിക്കുകയും കമ്പനിയുടെ പേറോളിൽ ഉൾപ്പെടുകയും ചെയ്ത ശേഷവും എങ്ങനെയാണ് ഓഫർ റദ്ദാക്കാൻ കഴിയുക എന്നതിൽ യുവാവ് ആശ്ചര്യം പ്രകടിപ്പിച്ചു. ഉടമസ്ഥനും മറ്റൊരു ജീവനക്കാരനും മാത്രമുള്ള ഒരു ചെറിയ സ്ഥാപനമാണിതെന്നും, അതുകൊണ്ട് തന്നെ ഇത് സിസ്റ്റത്തിൽ വന്ന ഒരു ഓട്ടോമേറ്റഡ് പിഴവോ അബദ്ധമോ ആകാൻ സാധ്യതയില്ലെന്നും യുവാവ് കൂട്ടിച്ചേർത്തു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതിനെ തുടർന്ന് ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളം ഡയറക്ട് ഡെപ്പോസിറ്റായി ലഭിച്ചതായും യുവാവ് വ്യക്തമാക്കി. പോസ്റ്റ് വൈറലായതോടെ നിരവധിയാളുകൾ പ്രതികരണങ്ങളുമായി രംഗത്തെത്തി. കമ്പനി അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ വ്യക്തമാക്കാനാണ് ഭൂരിഭാഗം പേരും യുവാവിനോട് ആവശ്യപ്പെടുന്നത്.
