ഇന്ത്യയിലുടനീളം നടത്തിയ യാത്രകൾക്ക് പിന്നാലെ, വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള തന്റെ “വളരെ സത്യസന്ധമായ” റാങ്കിങ് പങ്കുവെച്ച് ജർമൻ യാത്രാ വ്ലോഗർ ക്രിസ്റ്റ്യൻ ബെറ്റ്സ്മാൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കേരളത്തിലെ ജനങ്ങളുടെ ആതിഥ്യമര്യാദ മുതൽ രാജസ്ഥാനിലെ രുചികരമായ ഭക്ഷണം വരെ തന്റെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയ കാര്യങ്ങൾ ബെറ്റ്സ്മാൻ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തിനും അദ്ദേഹം ഓരോ കാറ്റഗറി നൽകിയിരിക്കുന്നത്.
ബെറ്റ്സ്മാന്റെ വിലയിരുത്തൽ അനുസരിച്ച്, ഏറ്റവും “മികച്ച ആത്മീയ/മതപരമായ സ്ഥലം” പഞ്ചാബും, “ഏറ്റവും മികച്ച സാഹസികതകൾ” സമ്മാനിച്ചത് മേഘാലയയുമാണ്. കൂടാതെ “ഏറ്റവും നല്ല ആളുകൾ” കേരളത്തിലും, “മികച്ച കമ്മ്യൂണിറ്റി” ഗോവയിലും, “ഏറ്റവും മികച്ച ഭക്ഷണം” ലഭിക്കുന്നത് രാജസ്ഥാനിലുമാണ്. ഈ പോസ്റ്റിൽ ഭൂരിഭാഗവും നല്ല കാര്യങ്ങളാണ് പറയുന്നതെങ്കിലും, ഡൽഹിയെ “ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം” എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
“ഇന്ത്യയിലെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ യാത്ര ചെയ്ത ശേഷം, ഇതാ എന്റെ സത്യസന്ധമായ റേറ്റിങ്! എനിക്ക് വീണ്ടും വീണ്ടും എടുത്തുപറയാൻ തോന്നുന്ന നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്,” വീഡിയോയുടെ അടിക്കുറിപ്പായി അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളോട് പല കാഴ്ച്ചക്കാരും യോജിച്ചപ്പോൾ, മറ്റ് ചിലർ ഈ റാങ്കിങ് ഇന്ത്യയുടെ വൈവിധ്യത്തെ വളരെ ലളിതവത്ക്കരിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു.
“ഭൂരിഭാഗം ഇന്ത്യക്കാരേക്കാളും നന്നായി ഈ ബ്രോയ്ക്ക് ഇന്ത്യയെ അറിയാം. ഇദ്ദേഹത്തിന് ഒരു ഇന്ത്യൻ തിരിച്ചറിയൽ കാർഡിന് അർഹതയുണ്ട്,” എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, “ഡൽഹി മാത്രമല്ല ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം; ഇതിനേക്കാൾ മലിനമായ നഗരങ്ങൾ ലോകത്തുണ്ട്. ശീതകാലത്ത് മാത്രമാണ് ഡൽഹിയിൽ കടുത്ത മലിനീകരണ പ്രശ്നം ഉണ്ടാകുന്നത്,” എന്നായിരുന്നു മറ്റൊരു കമന്റ്.
ബെറ്റ്സ്മാന്റെ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇതാദ്യമല്ല. മുൻപ്, ഇന്ത്യൻ തെരുവ് കച്ചവടക്കാരുടെ ഉച്ചത്തിലുള്ള വിളിച്ചുപറയലുകൾ തന്നെ അസ്വസ്ഥനാക്കുന്നു എന്ന് കാണിച്ച് അദ്ദേഹം പങ്കുവെച്ച വീഡിയോ കടുത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇന്ത്യയിലെ തെരുവ് കച്ചവടക്കാരുടെ സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യത്തെക്കുറിച്ച് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുകയും, തുടർന്ന് ബെറ്റ്സ്മാൻ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
താൻ സന്ദർശിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക സംസ്കാരം, ഭക്ഷണം, ഉത്സവങ്ങൾ, ദൈനംദിന ജീവിതം എന്നിവയെക്കുറിച്ചുള്ള വീഡിയോകളാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും പങ്കുവെക്കാറുള്ളത്.
