ഉറങ്ങാനുള്ള പ്രത്യേക സൗകര്യങ്ങൾ, മുന്തിയ തരം കഫെറ്റീരിയകൾ, ആധുനിക ഗെയിമിംഗ് റൂമുകൾ തുടങ്ങി ടെക് ലോകത്തെ ആഡംബര സൗകര്യങ്ങളാണ് സോഷ്യൽ മീഡിയയിലെ പ്രശസ്തമായ ‘ഡേ ഇൻ ദ ലൈഫ്’ വീഡിയോകളിൽ എപ്പോഴും നിറഞ്ഞുനിൽക്കാറുള്ളത്. എന്നാൽ, ഈ തിളക്കമാർന്ന കാഴ്ചകൾക്ക് പിന്നിലെ കടുത്ത ജോലിഭാരത്തിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടുകയാണ് പ്രമുഖ ടെക് ഭീമനായ ഗൂഗിളിലെ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ.
ഗൂഗിളിലെ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എഞ്ചിനീയറായ ശാലിനിയാണ് തന്റെ ഓഫീസിലെ പ്ലേസ്റ്റേഷൻ റൂമും ജിംനേഷ്യവും സന്ദർശിച്ച ശേഷമുള്ള കടുത്ത യാഥാർഥ്യം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. രണ്ട് സ്ഥലങ്ങളും ഏതാണ്ട് പൂർണമായും വിജനമായിരുന്നു,” ആഡംബര സൗകര്യങ്ങൾ ഒഴിഞ്ഞുകിടക്കുന്നതിനെ കോർപ്പറേറ്റ് ലോകത്തെ യഥാർത്ഥ അന്തരീക്ഷവുമായി താരതമ്യം ചെയ്തുകൊണ്ട് ശാലിനി കുറിച്ചു. “ഞാൻ അവിടെ ശരിക്കും എന്താണ് കണ്ടത്? ആളുകൾ ഭ്രാന്തമായി ജോലി ചെയ്യുകയാണ്. ചിലരൊക്കെ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് അവരുടെ മുഖം കണ്ടാലറിയാം.
ടെക് ജീവനക്കാർ ദിവസം മുഴുവൻ കോഫി കുടിച്ചും വീഡിയോ ഗെയിം കളിച്ചുമാണ് സമയം കളയുന്നത് എന്ന ഇന്റർനെറ്റിലെ പൊതുവായ ധാരണയെ പൂർണമായും തിരുത്തുന്നതാണ് ശാലിനിയുടെ ഈ പോസ്റ്റ്. ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും പ്രത്യക്ഷപ്പെടുന്ന ഇത്തരം ആകർഷകമായ റീലുകൾ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ശാലിനി പറയുന്നു. കമ്പനിയിൽ പുതുതായി ജോലിയിൽ പ്രവേശിക്കുമ്പോഴുള്ള ആദ്യ ദിവസങ്ങളിലോ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ലൈക്കുകളും കാഴ്ച്ചക്കാരെയും കൂട്ടാൻ വേണ്ടി പ്രത്യേകം തയാറാക്കുന്നതോ ആണ് ഈ വീഡിയോകൾ ഭൂരിഭാഗവും.
കമ്പനി നൽകുന്ന വലിയ ആനുകൂല്യങ്ങളും സൗകര്യങ്ങളും തികച്ചും യഥാർഥമാണെന്ന് സമ്മതിക്കുമ്പോൾ തന്നെ, അവയൊന്നും ജീവനക്കാരുടെ ജോലിയിലെ ഉത്തരവാദിത്തത്തിന് പകരമാവില്ലെന്ന് അവർ ഓർമ്മിപ്പിച്ചു. “ആനുകൂല്യങ്ങൾ യഥാർഥമാണ്, അതുപോലെ തന്നെ ഇവിടുത്തെ ജോലിഭാരവും യഥാർഥമാണ്,” ശാലിനി വ്യക്തമാക്കി. തന്റെ ഇന്റേൺഷിപ്പ് കാലത്ത് ഇത്തരം വീഡിയോകൾ കണ്ട് തനിക്കും തെറ്റായ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെന്നും, എന്നാൽ യഥാർഥ ജോലിസമയവും സമ്മർദ്ദവും ഓരോ ടീമിന്റെയും സാഹചര്യങ്ങൾക്ക് അനുസരിച്ചിരിക്കുമെന്ന് താൻ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞതായും അവർ കൂട്ടിച്ചേർത്തു.
ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കമ്പനിയുടെ ഔദ്യോഗിക പ്രതികരണമല്ലെന്നും വ്യക്തമാക്കിയ ശാലിനി, ടെക് മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്കായി ഒരു ലളിതമായ മുന്നറിയിപ്പും നൽകിയാണ് പോസ്റ്റ് അവസാനിപ്പിച്ചത്: “നിങ്ങൾ കാണുന്ന എല്ലാ ‘ഡേ ഇൻ ദ ലൈഫ്’ റീലുകളും വിശ്വസിക്കുന്നത് ദയവായി നിർത്തുക. സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ പോസ്റ്റ് കണ്ടിരിക്കുന്നത്. നിരവധിപ്പേർ ഇതിനോടകം തന്നെ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
