വാ​ക്കു​ക​ൾ​ക്ക​പ്പു​റം ന​ന്മ​യു​ടെ ഭാ​ഷ; ഇ​ൻ​ഡി​ഗോ​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​യ്യ​ടി!

സം​സാ​ര-​ശ്ര​വ​ണ പ​രി​മി​തി​യു​ള്ള ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് ജീ​വ​ന​ക്കാ​ര​ൻ യാ​ത്ര​ക്കാ​ര​ന് ന​ൽ​കി​യ മി​ക​ച്ച സേ​വ​ന​ത്തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ബാ​ഗേ​ജ് ചെ​ക്ക്-​ഇ​ൻ കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ജ്മ​ലി​ൻറെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​യ​ത്.

അ​മ​ൻ സി​ങ് എ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ഈ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. “ചി​ല​പ്പോ​ഴൊ​ക്കെ വാ​ക്കു​ക​ളേ​ക്കാ​ൾ ഉ​ച്ച​ത്തി​ൽ സം​സാ​രി​ക്കു​ന്ന​ത് കാ​രു​ണ്യ​മാ​ണ്” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​മ​ൻ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

ശാ​രീ​രി​ക​മാ​യ പ​രി​മി​തി​ക​ൾ ഉ​ണ്ടെ​ങ്കി​ലും, മു​ഖ​ത്തൊ​രു പു​ഞ്ചി​രി​യോ​ടെ​യും തി​ക​ഞ്ഞ കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യു​മാ​ണ് അ​ജ്മ​ൽ യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​ത്. അ​ജ്മ​ലി​ന്‍റെ വ​സ്ത്ര​ത്തി​ൽ ധ​രി​ച്ചി​രു​ന്ന ബാ​ഡ്ജി​ൽ “എ​നി​ക്ക് സം​സാ​രി​ക്കാ​നോ കേ​ൾ​ക്കാ​നോ ക​ഴി​യി​ല്ല, എ​ങ്കി​ലും നി​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​മേ​യു​ള്ളൂ” എ​ന്ന് എ​ഴു​തി​യി​രു​ന്നു.

“ഇ​ന്ന് എ​നി​ക്കു​ള്ള പ്ര​ചോ​ദ​നം ല​ഭി​ച്ച​ത് ഏ​തെ​ങ്കി​ലും ഒ​രു കോ​ടീ​ശ്വ​ര​നി​ൽ നി​ന്ന​ല്ല. ആ​ശ​യ​വി​നി​മ​യം എ​ന്ന​ത് വെ​റും വാ​ക്കു​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല എ​ന്ന് കാ​ണി​ച്ചു​ത​ന്ന ഒ​രാ​ളി​ൽ നി​ന്നാ​ണ്. സം​സാ​രി​ക്കാ​നും കേ​ൾ​ക്കാ​നും ക​ഴി​യു​ന്ന പ​ല​രേ​ക്കാ​ളും മി​ക​ച്ച രീ​തി​യി​ലാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്. എ​ന്‍റെ ഇ​ന്ന​ത്തെ ദി​വ​സം അ​ദ്ദേ​ഹം അ​ത്ര​മേ​ൽ മ​നോ​ഹ​ര​മാ​ക്കി​യെ​ന്നാ​ണ് അ​ജ്മ​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് അ​മ​ൻ സി​ങ് കു​റി​ച്ച​ത്.

വീ​ഡി​യോ​യു​ടെ അ​വ​സാ​നം അ​മ​ൻ അ​ജ്മ​ലി​ന് ന​ന്ദി പ​റ​യു​ക​യും ഹ​സ്ത​ദാ​നം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​ത് കാ​ണാം.​വീ​ഡി​യോ ത​രം​ഗ​മാ​യ​തോ​ടെ ഇ​ൻ​ഡി​ഗോ​യു​ടെ ഈ ​മാ​തൃ​കാ​പ​ര​മാ​യ പ​ങ്കാ​ളി​ത്ത ന​യ​ത്തെ​യും അ​ജ്മ​ലി​നെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി​പ്പേ​ർ രം​ഗ​ത്തെ​ത്തി. കോ​ഴി​ക്കോ​ട്, ജ​മ്മു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​ൻ​ഡി​ഗോ ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളെ ക്ഷ​മ​യോ​ടെ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​റ്റ് പ​ല യാ​ത്ര​ക്കാ​രും ക​മ​ന്‍റു​ക​ളി​ലൂ​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

 

Related posts

Leave a Comment